ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും; റിപ്പോർട്ടുകൾ ഇങ്ങനെ

ന്യൂയോർക്ക്: ഏറെക്കാലമായി ഐഫോൺ പ്രേമികൾ ആപ്പിളിന്റെ ഫോൾഡബിൾ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മടക്കിവെക്കാവുന്ന ഡിസ്‌പ്ലെകളുള്ള ഫോണുകൾ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിൾ എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ഫോൾഡബിൾ ഫോണുകൾക്കായി പേറ്റന്റുകൾക്ക് ആപ്പിൾ അപേക്ഷ നൽകിയും ചെയ്തിട്ടുണ്ട്. എന്നാൽ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

2027 വരെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തില്ല എന്നാണ് മാർക്കറ്റ് റിസർച്ച് സംരംഭമായ ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫോൾഡബിൾ ഐഫോൺ മാർക്കറ്റിൽ വൻ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർക്കറ്റിൽ ഫോൾഡബിൾ ഫോൺ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നൽകാനായുള്ള ഗവേഷണത്തിലാണ് ആപ്പിളെന്നാണ് സൂചനകൾ. അതേസമയം, സാംസങും വൺപ്ലസും വിവോയുമെല്ലാം ഫോൾഡബിൾ ഫോണുകളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു. ആപ്പിൾ ഇവയെ എല്ലാം മറിക്കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.