മാലിന്യം വര്‍ധിക്കുന്നു; ബഹിരാകാശം വൃത്തിയാക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ബെയ്ജിങ്: ബഹിരാകാശത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചൈന.ഇതിനായി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഗ്രഹം വിക്ഷേപിച്ചിരിക്കുകയാണ് ചൈന. സിചാവുന്‍ പ്രവിശ്യയിലുള്ള ഷിചാങ് ലോഞ്ച് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം.

ഷിജിയാന്‍-21 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ചത് ലോങ് മാര്‍ച്ച് 3ബി റോക്കറ്റാണ്. പുതിയതായി ഉയര്‍ന്നുവന്ന ഒന്നാണ് ബഹിരാകാശ മാലിന്യങ്ങളും അവശിഷ്ടങ്ങളും. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിസാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.

നിരന്തരമായി വിക്ഷേപണങ്ങള്‍ നടത്തി ചൈന ബഹിരാകാശത്ത് മാലിന്യം വര്‍ധിപ്പിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു.ഇതിനിടയിലാണ് ചൈനയുടെ പുതിയ പദ്ധതി. ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം മടങ്ങിവരവില്‍ കത്തിത്തകരുന്ന റോക്കറ്റ് അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച് ഉപേക്ഷിക്കേണ്ടിവരുന്ന ഉപഗ്രഹങ്ങളുമാണ് ബഹിരാകാശ മാലിന്യമാകുന്നത്. ഇത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉയര്‍ത്തിയിരുന്നു.