തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

pooram

തൃശ്ശൂര്‍: ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടി എന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. കോവിഡിന്റെ പേരില്‍ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശ്ശൂര്‍ ഡി എം ഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍കാരിന് റിപോര്‍ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡി എം ഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു.

അതേസമയം, ഡി എം ഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ തകര്‍ക്കാനാണ് ഡി എം ഒയുടെ ശ്രമം. ഡി എം ഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.

അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേരണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രടറിക്ക് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്