ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ച് ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ്. ഇതോടെ, ഇന്ത്യയിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഭാരത സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചുവരുന്നു.
ഈ പദ്ധതിയിലെ അടുത്ത ട്രെയിൻ 2023 ജൂലൈ 20-ന് കേരളത്തിൽ നിന്നും യാത്രതിരിച്ച് ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ വരും. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ. വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്.

