പ്രായം കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയകാർക്ക് ഇതുവരെ പിന്തുടർന്ന രീതി പ്രകാരം ജനിച്ചുവീഴുന്ന കുട്ടിക്ക് ഒരു വയസാണ് പ്രായം. പിന്നീടു വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അങ്ങനെ വരുമ്പോൾ ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ് തികയും.
ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയുന്ന പൊതുരീതിയാണ് പിന്തുടരുന്നതെന്ന് സർക്കാർ അറിയിച്ചു. ഇന്ന് മുതൽ പ്രായം കണക്കാക്കാൻ രാജ്യാന്തര മാതൃകയാണ് സ്വീകരിക്കുക. ഇങ്ങനെ വരുമ്പോൾ എല്ലാ കൊറിയക്കാരുടെയും പ്രായം 2 വയസ്സ് വരെ കുറയും.
പക്ഷേ, രാജ്യത്ത് സ്കൂൾ അഡ്മിഷൻ, നിർബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളിൽ പൊതുരീതി പിന്തുടരുമ്പോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിർണയിക്കുന്നത്.
പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് രാജ്യത്തുള്ളവർ അഭിമുഖീകരിക്കുന്നത്. അതിനാൽ, അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്‌ക്കാനാണ് പരിഷ്കരണം ലക്ഷ്യമിടുന്നതെന്ന് ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി അംഗം യൂ സാങ്-ബം കഴിഞ്ഞ വർഷം പാർലമെന്റിൽ അറിയിച്ചിരുന്നു.

