കൊച്ചി: കൊച്ചിയിൽ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.75 കിലോമീറ്റർ ദൂരത്തിലാണ് ആകാശപാത നിർമ്മിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണിത്. 2004ൽ ഈ പാത വീതി കൂട്ടാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. 2006 ൽ പണി പൂർത്തിയായെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വർഷം കൊണ്ട് ഇത് ഇനിയും രൂക്ഷമാകുന്നത് മുന്നിൽ കണ്ടാണ് ദേശീയപാത അതോറിറ്റി ആറ് വരി ആകാശപാത നിർമ്മിക്കുന്നത്.
അരൂർ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്നത് ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാർപ്പാടം ടെർമിനൽ, പോർട്ട് ട്രസ്റ്റ് ഓഫീസ് -കുണ്ടന്നൂർ, മൂന്നാർ- കൊച്ചി, വാളയാർ- വടക്കഞ്ചേരി തുടങ്ങിയ പാതകളാണ്. കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് എന്നീ റോഡുകളും ഈ പാതയുമായി ബന്ധിപ്പിക്കും. ഇതോടെ ഗതാഗതക്കുരുക്ക് വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പരിഹാരമായി ആകാശപാത വേണമെന്നും ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ആകാശപാത നിർമിക്കാൻ ഉളള ഡിപിആർ തയ്യാറാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അതേസമയം, നിലവിൽ അരൂരിൽ നിന്ന് തുറവൂരിലേക്ക് ആകാശപാതയുടെ നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്.

