സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഇസ്രായേലിൽ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.”ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു.

സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു”- എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഇന്നലെ വൈകുംനേരം 6.30-ഓടെയാണ് ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.