നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും;ടി സിദ്ദിഖിന് മറുപടിയുമായി സന്ദീപ് ജി വാര്യർ

പാലക്കാട്: പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോൺഗ്രസ് നേതാവ് ടി സിദ്ദിഖിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.

ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. “കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും. നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിൻ്റെ അസുഖമുള്ളവരാണ് സിദ്ദീഖിൻ്റെ യൂത്ത് കോൺഗ്രസുകാർ . നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും”, സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് ജി വാര്യരുടെ ഫേസ്‍ബുക്ക് കുറിപ്പ് :

പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പോലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെടുന്നു. വൈസ് ചെയർമാൻ സേവാഭാരതി, ഡിവൈഎഫ്ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു. തുടർന്ന് ഡിവൈഎഫ്ഐ 10 പേരുടെ ലിസ്റ്റ് നൽകുന്നു . യുവമോർച്ച 10 പേരുടെ ലിസ്റ്റ് നൽകുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നൽകുന്നു . എല്ലാം പോലീസിന് കൈമാറുന്നു യൂത്ത് കോൺഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയർമാൻ വിളിക്കുന്നു . ലഭിക്കുന്നില്ല . കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും. നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിൻ്റെ അസുഖമുള്ളവരാണ് സിദ്ദീഖിൻ്റെ യൂത്ത് കോൺഗ്രസുകാർ . നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും.