തിരുവനന്തപുരം:സംവരണം 50 ശതമാനം കടക്കരുതെന്ന 1992 ലെ വിധി സുപ്രീം കോടതി ശരിവച്ചതോടെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് നിലനിൽപ്പില്ലാതായെങ്കിലും, സംസ്ഥാനത്ത് മുന്നാക്ക സംവരണ നടപടികൾ നിറുത്തിവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം പുതിയ സർക്കാരിന് വിടാൻ നീക്കം. ഈമാസം ഇരുപതിനാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.തുടർന്ന്.ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ,പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത് വരെ തുടരുന്ന കാവൽ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്.50 ശതമാനം പിന്നാക്ക സംവരണത്തിന് പുറമെ, പത്ത് ശതമാനം മുന്നാക്ക സംവരണം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടരാനാവില്ല. നിലവിലുള്ള സാമുദായിക സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് നിലവിലെ ഭരണഘടനാ ഭേദഗതി പര്യാപ്തമല്ല.
അതിന് പുതിയ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും മന്ത്രി ബാലൻ പറഞ്ഞു.സുപ്രീം കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ , 50 ശതമാനം പരിധി കടന്നുള്ള മുന്നാക്ക സംവരണ നിയമന,വിദ്യാലയ പ്രവേശന നടപടികൾ ഇന്നലെ മുതൽ അടിയന്തരമായി നിറുത്തിവയ്ക്കേണ്ടതാണെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.