ദില്ലി: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് അക്രമം. കുപ്‍വാര, ബാരമ്മുല, പൂഞ്ച് എന്നിവിടങ്ങളിലായി പാകിസ്താന്‍ തുടര്‍ച്ചയായി എട്ടാം ദിവസം കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.
ഇതിനിടയില്‍, ജമ്മു കശ്മീരില്‍ ഭീകരപ്രവൃത്തികളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ശ്രീനഗറിലെ 21 ഇടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് പരിശോധന നടക്കുന്നത്. ചിലരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്യലും നടക്കുകയാണ്.
അതിര്‍ത്തി മേഖലകളില്‍ അധിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈനിക അഭ്യാസങ്ങളും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയില്‍ യുദ്ധവിമാനങ്ങള്‍ അണിനിരത്തി വ്യോമസേന പ്രകടനം നടത്തും. അറബിക്കടലില്‍ നാവികസേനയുടെ അഭ്യാസങ്ങളും പുരോഗമിക്കുകയാണ്.
ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്രസർക്കാരിന്റെ നടപടികൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.

