പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ : വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുകയാണ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. മേയ് 2-നാണ് തുറമുഖം ഔദ്യോഗികമായി തുറന്നുകൊടുക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിനെ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരിക്കും.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വിമാനമായ എയർ ഇന്ത്യ വൺ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രത്യേക ഭാഗത്ത് ഇറങ്ങും. അതിനുശേഷം അദ്ദേഹം രാജ്ഭവനിലാണ് താമസിക്കുക. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തിലേക്ക് പോകും. പരിപാടിക്ക് മുമ്പ് തുറമുഖം നേരിൽ കാണും .

ഉദ്ഘാടനം നടക്കാൻ പോകുന്ന ദിവസം, എംഎസ്‌സിയുടെ വലിയ കപ്പലായ സെലസ്റ്റീനോ മരെസ്ക വിഴിഞ്ഞത്ത് എത്തും. രാവിലെ 11 മണിയോടെയാണ് പ്രധാന ഉദ്ഘാടന ചടങ്ങ് നടക്കുക. തുറമുഖ കവാടത്തിൽ തന്നെ തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുക്കും. ഏകദേശം 10,000 ആളുകളാണ് പരിപാടിക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനം ഉള്ളതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് – കരയിലും കടലിലും. സുരക്ഷാ പരിശോധനയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി.

2015-ലാണ് അദാനി ഗ്രൂപ്പുമായി കേരള സർക്കാർ ഈ തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവെച്ചത്.

2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി എത്തിയ കപ്പൽ കൂടി എത്തിയതോടെ തുറമുഖം പൂർത്തിയായിരുന്നു. ‘IN TRV 01’ എന്ന അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് ലഭിച്ച വിഴിഞ്ഞം, ഇന്ത്യയുടെ പ്രധാന കപ്പൽപാതകളിലേക്ക് നേരിട്ട് കയറി എത്താൻ കഴിയുന്ന തുറമുഖമായി മാറിയിട്ടുണ്ട്.

2024 ജൂലൈയിൽ ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3-ന് വാണിജ്യമായി പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 246-ലധികം കണ്ടെയ്നർ കപ്പലുകൾ ഇവിടെ എത്തിയിട്ടുണ്ട്. 5 ലക്ഷം TEUs-ത്തോളം ചരക്കാണ് കൈമാറിയതും, 243 കോടി രൂപയുടെ വരുമാനമാണ് ഇതിനോടകം ലഭിച്ചത്.