കേരള മീഡിയ അക്കാദമിയില്‍ അവധിക്കാല ക്ലാസ്സുകൾ; വിശദ വിവരങ്ങൾ അറിയാം

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 3ന് ആരംഭിക്കും.

8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. തിങ്കൾ മുതൽ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതൽ 1 മണി വരെയുള്ള ബാച്ചിൽ ഫോട്ടോഗ്രഫി, സ്മാർട്ട് ഫോൺ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷൻ, ഡോക്യുമെന്ററി & അഡ്വർടൈസ്മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കും.

ഉച്ചയ്ക്ക് 2 മുതൽ 5 വരെയുള്ള രണ്ടാം ബാച്ചിൽ മോജോ, അടിസ്ഥാന മാധ്യമ പ്രവർത്തനം, സ്മാർട് ഫോൺ ഫീച്ചേഴ്സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ, വ്ളോഗിംങ് & ബ്ളോഗിംങ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാർമ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കും. ഒരു ബാച്ചിൽ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവർക്ക് 15000 രൂപയുമാണ് ഫീസ്.

മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങൾ, ശില്പശാല, പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.

പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർ വെക്കേഷൻ ക്ലാസ് എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് വീതമാകും പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2726275, മൊബൈൽ: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈൽ: 9388533920 (കൊച്ചി) എന്നീ നമ്പറുകളിൽ ലഭിക്കും.