ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആർ എസ് നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കെ കവിതയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന കാര്യം വ്യക്തമാക്കിയത് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് അറിയിച്ചത്.
ഡൽഹി മദ്യനയ അഴിമതി കേസിൽ ആർഎസ് നേതാവ് കെ കവിതയും ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കെ കവിത നൂറ് കോടി രൂപ നേതാക്കൾക്ക് നൽകിയെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയതെന്നാണ് ഇഡി അറിയിക്കുന്നത്.

