സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാനൊരുങ്ങി സർക്കാർ; പ്രതിഷേധവുമായി ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാനൊരുങ്ങി സർക്കാർ. തിയേറ്ററുകളുടെ ലൈസൻസും രജിസ്‌ട്രേഷനും പുതുക്കുന്ന സമയത്ത് സർവീസ് ചാർജ് ഈടാക്കാനാമ് തീരുമാനം. ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവശത അനുഭവിക്കുന്ന കലാപ്രവർത്തകരുടെ ചികിത്സാ സഹായത്തിന് ഈ തുക ഉപയോഗിക്കാനാണ് തീരുമാനം.സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഒരു സ്‌ക്രീനിന് 5000 മുതൽ 10,000 രൂപവരെയാണ് വാർഷിക പുതുക്കൽ നിരക്ക്. ഇതിനൊപ്പം 5 മുതൽ 8.5 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കാനാണ് സർക്കാരിന്റെ പദ്ധതി.

നിലവിൽ അവശത അനുഭവിക്കുന്ന കലാപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് ടിക്കറ്റൊന്നിന് 3 രൂപാവീതം തിയേറ്ററുകൾ പ്രേക്ഷകരിൽ നിന്ന് പിരിച്ച് നൽകുന്നുണ്ടെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. ഇതിന് പുറമെ 400 സീറ്റുകളിൽ കൂടുതലുള്ള തിയേറ്ററുകൾ വാർഷിക ഫീസായി 30,000 രൂപ ചലച്ചിത്ര വികസന കോർപറേഷനും 25,000 രൂപ ചലച്ചിത്ര അക്കാദമിക്കും നൽകുന്നുണ്ട്. ചെറിയ തിയേറ്ററുകൾ യഥാക്രമം 25,000, 10,000 രൂപ വീതവും നൽകുന്നുവെന്നും തിയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

നഷ്ടത്തിലോടുന്ന തിയേറ്റർ വ്യവസായത്തെ വലിയ തകർച്ചയിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും തിയേറ്റർ ഉടമകളുടെ സംഘടന വിശദമാക്കി. അവശ കലാകാരന്മാരുടെ ക്ഷേമ നിധിയിലേക്കുള്ള 99.9 ശതമാനം തുകയും ഇപ്പോൾ തിയേറ്ററുകളിൽ നിന്നാണ് പിരിച്ചെടുക്കുന്നതെന്നും ഇനിയും പിഴിയാനാണ് തീരുമാനമെങ്കിൽ തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഉടമകൾ അറിയിച്ചു.