പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി: ഇടക്കാല ബജറ്റ് അവതരണം നാളെ

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നതിനാൽ തന്നെ ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ഒരുപാട് പ്രത്യേകതകളുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണത്തേത്. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നുമുള്ള സൂചനകൾ ധനമന്ത്രി നൽകിയിട്ടുണ്ട്. നാളെയാണ് ബജറ്റ് അവതരണം.

നാളെ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് നിർമലാ സീതാരമൻ. 2019 മുതലാണ് നിർമല സീതാരാമൻ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.

അതേസമയം, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് നാളെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഒൻപതാം തീയതി വരെ സമ്മേളനം തുടരും.

ധനക്കമ്മി കുറക്കുക എന്ന ലക്ഷ്യത്തിലൂന്നിയാകും ഇത്തവണത്തെ ബജറ്റ് എന്നാണ് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നത്. യുവാക്കൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുമാൈയി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ഇലക്ട്രിക് വാഹന മേഖല, കാർഷിക മേഖല എന്നിവയ്‌ക്കും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.