ഇന്ത്യയുടെ ജുഡീഷ്യറിയിൽ അടിസ്ഥാന വർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഇന്ത്യയുടെ ജുഡീഷ്യറിയിൽ അടിസ്ഥാന വർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചരിത്രപരമായ അനീതികള്‍ തിരുത്തണമെന്നും  എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഞായറാഴ്ച അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ബ്രാൻഡെയ്സ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അംബേദ്കറിനെ കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ചരിത്രപരമായ അനീതികൾ തിരിച്ചറിയുന്നതിന് നിയമ പരിഷ്കരണത്തില്‍ നിര്‍ണായക പങ്കുണ്ട്. മുൻകാല പിഴവുകള്‍ പരിഹരിക്കുന്നതിനും കൂടുതൽ നീതിയുക്തമായ സമൂഹത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന നിയമവ്യവസ്ഥ ആവശ്യമാണ്”- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ഭരണഘടന ഒരു സംരക്ഷണ കവചമായി വർത്തിക്കും എന്നതാണ് അംബേദ്കറുടെ ഭരണഘടനാവാദമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ സംരക്ഷണം ഭരണഘടന ഉറപ്പാക്കണമെന്നും അംബേദ്കര്‍ വിഭാവനം ചെയ്തു. കേവലം പ്രാതിനിധ്യത്തിന് അപ്പുറമുള്ള പരിഷ്കരണം ഉണ്ടാവണം. എങ്കിലേ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് തീരുമാനമെടുക്കൽ പ്രക്രിയകളിൽ പങ്കാളികളാവാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മനസാക്ഷിയുടെ വോട്ടാണ് ഭരണഘടന പുറപ്പെടുവിക്കുന്ന വിധികളെന്നും എന്റെ ന്യൂനപക്ഷ വിധിയിൽ ഉറച്ചുനിൽക്കുന്നു എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുന്നതെന്നും ഇത് വിവേചനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു.