പൊതുപരീക്ഷകൾ വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തുന്നത് ഒഴിവാക്കണം; ആവശ്യവുമായി മുസ്ലീം സംഘടനകൾ

തിരുവനന്തപുരം: പൊതുപരീക്ഷകൾ വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് മുസ്ലീം സംഘടനകൾ. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റതിന് ശേഷം സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രത്യേക ആരാധനാക്രമത്തെ ബാധിക്കുമെന്നതിനാലാണ് വെള്ളിയാഴ്ചകളിൽ പരീക്ഷകൾ നടത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നാണ് മുസ്ലീം സംഘടനകൾ യോഗത്തിൽ അറിയിച്ചത്. വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ഇവർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ, പ്ലസ് ടു പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്.

തട്ടം ഉൾപ്പടെയുള്ള വിവാദങ്ങളിൽ നിന്ന് ഭരണരംഗത്തുള്ളവർ മാറി നിൽക്കണമെന്ന നിർദേശവും മുസ്ലീം സംഘടകൾ മുന്നോട്ടുവെച്ചു. അതേസമയം, ജെബി കോശി കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഉന്നമനത്തിനായുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഇത് എത്രയും വേഗം നടപ്പാക്കണമെന്നും ഇവർ അറിയിച്ചു.