കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി: കൂലിപ്പണിക്ക് പോകാൻ മൂന്ന് ദിവസത്തെ അവധി നൽകണമെന്ന് അപേക്ഷയുമായി ഡ്രൈവറുടെ പ്രതിഷേധം

തൃശ്ശൂർ: ശമ്പള വിതരണം മുടങ്ങിയതിന് പിന്നാലെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ആയ അജുവാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. ശമ്പള വിതരണം മുടങ്ങിയതിനാൽ കൂലിപ്പണിക്ക് പോകാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു അജുവിന്റെ പ്രതിഷേധം. ഇക്കാര്യം വ്യക്തമാക്കി അജു കെഎസ്ആർടിസിക്ക് അവധി കത്ത് നൽകുകയും ചെയ്തിരുന്നു.

ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും തന്റെ ഗതികേട് കൊണ്ടാണ് താൻ ഇത്തരമൊരു കത്ത് നൽകിയതെന്നും അജു വ്യക്തമാക്കുന്നു. അവധിക്കത്ത് താൻ പിന്നീട് തിരികെ വാങ്ങി എന്നും അജു മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിയിൽ ശമ്പള വിതരണം നീണ്ടു പോവുകയാണ്. സർക്കാർ നൽകിവരുന്ന ധനസഹായം കൈമാറാത്തതാണ് ശമ്പള വിതരണം നീളാൻ കാരണം. എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപ് കെഎസ്ആർടിസിയിൽ ശമ്പള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. 50 കോടി രൂപയായിരുന്നു മൂന്നുമാസം മുമ്പ് വരെ സർക്കാർ കെഎസ്ആർടിസിക്ക് നൽകിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇത് 30 കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തിട്ടുമില്ല. രണ്ടുമാസത്തെ പെൻഷനും വിതരണം ചെയ്യാനുണ്ട്.

അതേസമയം ഓണത്തിനുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നത്.