ഇടുക്കി: അരികൊമ്പന് പിന്നാലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പടയപ്പ എന്ന കാട്ടാനയും. പാമ്പൻ മലയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനുള്ളിൽ കയറിയ പടയപ്പ എന്ന കാട്ടാന ഒരു രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ വാതിലും ജനലും പടയപ്പ പൊളിച്ചു. ഇതിനൊക്കെ പുറമേ ഒരു ചാക്ക് അരിയും തിന്നശേഷമാണ് പടയപ്പ മേഖലയിൽ നിന്ന് മടങ്ങിയത്.
രാജേന്ദ്രൻ, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളാണ് കാട്ടാന നശിപ്പിച്ചത്. ലയത്തിന് അടുത്ത് എത്തിയ പടയപ്പ അഞ്ചോളം വീടുകൾക്ക് മുന്നിൽ എത്തി ഭക്ഷണസാധനങ്ങൾക്കായുള്ള മണം പിടിച്ചിരുന്നു. പിന്നീട് കറുപ്പ് സ്വാമിയുടെ വീടിന്റെ വാതിൽ പൊളിച്ചു. എന്നാൽ പടയപ്പയ്ക്ക് ഇവിടെ നിന്നും ഒന്നും തിന്നാൻ ലഭിച്ചില്ല. തുടർന്ന് രാജേന്ദ്രന്റെ വീടിന്റെ ജനലും വാതിലും പൊളിച്ചു. ഇവിടെ നിന്നാണ് ഒരു ചാക്ക് അരി എടുത്ത് പടയപ്പ കഴിച്ചു തീർത്തത്.
ഒടുവിൽ ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ഒക്കെയാണ് പടയപ്പയെ പ്രദേശത്തു നിന്നും തൊഴിലാളികൾ തുരത്തിയത്.

