ന്യൂഡൽഹി: തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തും സംസ്ഥാന ബാലാവകാശ കമ്മീഷനും സമർപ്പിച്ച ഹർജികൾ അടുത്ത മാസം പതിനാറിലേക്ക് മാറ്റി സുപ്രീം കോടതി. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഹർജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകൾ കോടതിയിൽ വാദിച്ചത്. എല്ലാ കക്ഷികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഹർജികൾ നൽകാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.
എല്ലാ കക്ഷികളും ഹർജിയിൽ മേലുള്ളവരുടെ വാദങ്ങൾ രണ്ടാഴ്ച്ചയ്ക്കം കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. തുടർന്ന് അടുത്ത മാസം പതിനാറിന് ഹർജികളിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുകയാണെന്ന് സംഘടനകൾ കോടതിയിൽ വാദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥാണ് ഹാജരായത്. വളരെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും ഇത് പരിഹരിക്കാൻ അടിയന്തരമായ ഇടപെടൽ വേണമെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.

