ചാരിറ്റിയുടെ മറവിൽ കുഴൽപ്പണം സംഘമോ?

കുഴൽപ്പണം സംഘമോ

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ പണം എത്തിയ സംഭവത്തിൽ ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ്. ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന്‍ കേച്ചേരി എന്നയാളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആവശ്യമായിരുന്ന വർഷയുടെ അമ്മയുടെ ശസത്രക്രിയയ്ക്ക് ഒറ്റ ദിവസമായപ്പോഴേക്കും അക്കൗണ്ടില്‍ എത്തിയത് 65 ലക്ഷം രൂപ. ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിട്ടും തൊട്ടടുത്ത ദിവസം ഒരു കോടിക്കുമേല്‍ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതില്‍ 60 ലക്ഷം വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയില്‍ നിന്നും ഒറ്റത്തവണയായി നിക്ഷേപിച്ചതാണ്. അതോടെ അക്കൗണ്ട് ജോയിന്റാക്കണം എന്നും ചികിത്സ കഴിഞ്ഞ് ബാക്കി തുക മറ്റാളുകളുടെ ചികിത്സയ്ക്കായി എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാജന്‍ കേച്ചേരി എത്തുകയും എന്നാൽ ആ ആവശ്യം വര്‍ഷ അംഗീകരിച്ചില്ല. സഹായിക്കാനെത്തിയവരുടെ മുഖം മാറി ഭീഷണിയുടെ സ്വരമായപ്പോള്‍ വർഷ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശമനുസരിച്ച് ഡിസിപിക്ക് പരാതി നൽകിയത്. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് അസ്വാഭാവിക സംഭവമെന്ന് ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് പറഞ്ഞു. ചാരിറ്റിയുടെ മറവിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി വ്യക്തമാക്കി.