ബെംഗളൂരു : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായും ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായുമാണ് റിപ്പോർട്ട്.ഉച്ചയോടെ എൻഐഎ സംഘം ഇവരെ കൊച്ചിയിലെത്തിക്കും.വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്ന സ്വപ്നയെ എൻ.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത് എന്നാണ് വിവരം. ബാംഗ്ലൂരിൽ നടന്ന എൻ.ഐ. എ യുടെ ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
2020-07-12