രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളുമായി റോഡുകളും, പാലങ്ങളും വഴിയുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട്, ജമ്മു കാശ്മീരില്‍ ആറ് പ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ആറ് പാലങ്ങളാണ് ശ്രീ രാജ്നാഥ് സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്, റെക്കോര്‍ഡ് വേഗതയിലാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ. രാജ്നാഥ് സിംഗ്, റോഡുകളും, പാലങ്ങളും പ്രദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും, ജമ്മുവില്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 2200 കിലോമീറ്ററില്‍ പാറകള്‍ നീക്കം ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
2020-07-10