റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം എപ്രകാരമാണ് മികച്ചതായി മുന്നോട്ട് പോകുന്നതെന്ന് നാം നോക്കിക്കാണണം – എസ്. ജയശങ്കർ

രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ കൂടി കണക്കിലെടുത്ത് താത്പര്യങ്ങൾ പങ്കുവയ്‌ക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശേഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാര ഇടപാടുകൾ വർധിച്ചതിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളായിരുന്നു റഷ്യയുടെ ഏറ്റവും സുപ്രധാന സാമ്പത്തിക പങ്കാളികൾ.

എന്നാൽ യുക്രെയ്ൻ സംഘർഷത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വഴിയടഞ്ഞു. ഇതോടെ ഏഷ്യയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തുകയാണ് റഷ്യ. യുക്രെയ്‌നുമായുള്ള യുദ്ധത്തിന് മുമ്പ് 12 മുതൽ 14 ബില്യൺ ഡോളർ വരെയായിരുന്നു ഇന്ത്യ-റഷ്യ വ്യാപാര ഇടപാടുകൾ.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം എപ്രകാരമാണ് മികച്ചതായി മുന്നോട്ട് പോകുന്നതെന്ന് നാം നോക്കിക്കാണണം. അതുവഴി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങൾ എപ്രകാരമാണ് മികച്ച രീതിയിൽ സേവിക്കപ്പെടുന്നതെന്നും നാം വിലയിരുത്തണമെന്ന് ജയശങ്കർ പറഞ്ഞു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.