തിരുവനന്തപുരം: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാതൃകയാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുമ്പോൾ, കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണ് എന്ന് രാഹുൽ ഗാന്ധിയെയും സതീശൻ ബോദ്ധ്യപ്പെടുത്തണം.
എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെ. കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയ വിമര്‍ശനങ്ങളല്ല മറിച്ച് സർക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നൽകണ്ടത്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്ക്കട്ടെ.
അതല്ല, കേരളത്തില്‍ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കില്‍ അതും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.സതീശന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ നേതാവ് രാഹുലിനും മാതൃകയാക്കാവുന്നതാണ്. ദിവസം മൂന്നു നേരം, മരുന്ന് കഴിക്കുന്നത് പോലെ, നരേന്ദ്ര മോദിയേ വിമർശിക്കുക എന്ന നിലപാടാണ് മഹാമാരിയുടെ കാലത്ത് സതീശന്റെ നേതാവ് സ്വീകരിച്ചിരുക്കുന്നതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

