ന്യൂഡല്‍ഹി : രാജ്യത്തെ ക്രൂഡ് ഓയില്‍ സംസ്‌കരണം മുന്‍ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ കുറഞ്ഞു. മെയ് മാസത്തില്‍ ഇത് വീണ്ടും വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് കേസുകളിലെ വര്‍ധന ഇന്ധന ആവശ്യകതയെ കുറച്ചതാണ് കാരണം.നിലവില്‍, കമ്പനികള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നില്ല, നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്. പകുതി ശേഷിയില്‍ പ്രവര്‍ത്തിക്കാനുളള അനുമതിയാണ് പലയിടത്തും നല്‍കിയിട്ടുളളത്, ക്യാപിറ്റല്‍വിയ ഗ്ലോബല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് ഹെഡ് ഗൗരവ് ഗാര്‍ഗ് പറഞ്ഞു.വൈറസ് അണുബാധയുടെ രണ്ടാമത്തെ തരംഗം ജനങ്ങളുടെ ചലനം പരിമിതപ്പെടുത്തിയതും വ്യാവസായിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഓയില്‍ റിഫൈനറുകള്‍ ഏപ്രിലില്‍ ശരാശരി 96.82 ശതമാനം നിരക്കില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ മാസം ഇത് 98.89 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ക്രൂഡ് പ്രോസസ്സിംഗ് ശരാശരി 84 ശതമാനമായി കുറച്ചിട്ടുണ്ട്.
2021-05-25

