തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സംഘടനാ തലത്തില്‍ വലിയ പിഴവുകളാണുണ്ടായതെന്നും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി ഓണ്‍ലൈന്‍ ആയി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്.എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് എത്തിയില്ല. വീടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാനുള്ള ശ്രമം ബൂത്ത് കമ്മിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രളയത്തിലും കോവിഡിലുമൊക്കെ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.കെപിസിസിയിലും ഡിസിസിയിലും വലിയ അഴിച്ചുപണി ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍, പുതിയ കെപിസിസി അധ്യക്ഷനെ വരുംദിവസങ്ങളില് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.