കോവിഡ് വാക്സീൻ വിതരണത്തിനു പുതിയ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തി

covid

കൊച്ചി ; വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കു വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് വാക്സീൻ വിതരണത്തിനു പുതിയ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണുകളിലും അല്ലാത്ത സ്ഥലങ്ങളിലും വാക്സിനേഷനു പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സീൻ എടുക്കാൻ ഓൺലൈൻ റജിസ്ട്രേഷനും ജില്ലയിൽ താൽക്കാലികമായി ഒഴിവാക്കി. ജനസംഖ്യ, രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ എണ്ണം, സ്ഥാപനത്തിന്റെ വാക്സീൻ ശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ ആശുപത്രികൾക്കു വാക്സീൻ അനുവദിക്കും.വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് ഒഴിവാക്കാൻ മണിക്കൂറിൽ പരമാവധി 20 പേർക്കാണു വാക്സീൻ നൽകുകയെന്നു ജില്ലാ കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് അറിയിച്ചു.

മുൻഗണനാ ക്രമമനുസരിച്ചാണു വാക്സീൻ വിതരണം. സെക്കൻഡ് ഡോസ് എടുക്കാനുള്ളവർക്കു മുൻഗണന. ആദ്യ ഡോസ് എടുത്ത് 55 ദിവസം കഴിഞ്ഞവർ, 50– 55 ദിവസം കഴിഞ്ഞവർ, 42–49 ദിവസം കഴിഞ്ഞവർ എന്നിങ്ങനെയാണു മുൻഗണനാക്രമം. ആദ്യ ഡോസ് എടുക്കാത്ത മുതിർന്ന പൗരൻമാർക്കാണ് അടുത്ത പരിഗണന.വാക്സീൻ ലഭ്യമായ ആശുപത്രിയിലെത്തി വാക്സീനെടുക്കാം. ക്യൂ നിൽക്കാൻ അനുവദിക്കില്ല. വാക്സിനേഷൻ കേന്ദ്രങ്ങൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തും.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നവർ, പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ, മറ്റേതെങ്കിലും പകർച്ചവ്യാധികളുള്ളവർ എന്നിവർക്കു വാക്സീൻ നൽകില്ല.

ഒരു കേന്ദ്രം കണ്ടെത്തി ഇവിടെ സ്വകാര്യ ആശുപത്രികൾക്ക് 2 മണിക്കൂർ വീതമുള്ള സമയം അനുവദിക്കും. ഒരു ആശുപത്രിയിലെ രണ്ടാം ‍‍ഡോസ് എടുക്കാനുള്ള 50 പേർ എന്ന രീതിയിൽ 200 പേർക്ക് ഒരു ദിവസം വാക്സീൻ നൽകും. ഓരോ ആശുപത്രിക്കുമുള്ള സമയം നോഡൽ ഓഫിസർ മുൻകൂട്ടി അറിയിക്കും.കോവിഡ് വാക്സീൻ പ്രദേശത്തെ വാർഡ് അംഗം / ആശാവർക്കർ / ഫീൽഡ് സ്റ്റാഫ് / ഹെൽത്ത് വൊളന്റിയർ / പാലിയേറ്റീവ് നഴ്സ് എന്നിവരിൽ ആരെയെങ്കിലും ബന്ധപ്പെടണം. മുൻഗണനാക്രമമനുസരിച്ചു വാക്സീൻ ലഭ്യമാക്കാനുള്ള നടപടികൾ ഇവർ സ്വീകരിക്കും.

സ്വകാര്യ ആശുപത്രികളിൽ നിന്നു കോവാക്‌സീൻ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്കു ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഇടപ്പള്ളി ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നു വാക്സീൻ നൽകും. പ്രധാന താലൂക്ക് ആശുപത്രികൾ, മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ 15 മുതൽ എല്ലാ ശനിയാഴ്ചയും കോവാക്സീൻ വിതരണം ചെയ്യും.ആശുപത്രികൾ കേന്ദ്രീകരിച്ചാണു വാക്സീൻ നൽകുക. ആശുപത്രി മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാണെങ്കിൽ സമീപത്തെ ഒരു ഔട്ട്റീച്ച് കേന്ദ്രത്തിൽ വാക്സീൻ നൽകും. നേരിട്ടെത്തി റജിസ്ട്രേഷൻ നടത്താനോ, സ്പോട്ട് അലോട്ട്മെന്റോ ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഏപ്രിൽ 30നോ അതിനു മുൻപോ വാക്സീൻ എടുത്തവർക്കു സർക്കാർ കോവി‍ഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നു രണ്ടാമത്തെ ഡോസ് സൗജന്യമായി നൽകും.