ഒ.പനീർശെൽവത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കി പളനിവേൽ ത്യാഗരാജനെ ധനമന്ത്രിയാക്കിയത് രണ്ടും കൽപ്പിച്ച്

ചെന്നൈ: കഴിഞ്ഞ അഞ്ച് വർഷം തമിഴ്നാടിന്റെ ധനസ്ഥിതി അപകടത്തിലാണെന്ന് നിയമസഭയിൽ വിളിച്ചു പറയുകയും ധനമന്ത്രി ഒ.പനീർശെൽവത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്ത പളനിവേൽ ത്യാഗരാജനെ ഇത്തവണ എം.കെ. സ്റ്റാലിൻ ധനമന്ത്രിയാക്കിയത് യാദൃച്ഛികമായിട്ടല്ല. മഹത്തായ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ പിന്മുറക്കാരനായതു കൊണ്ടു മാത്രമല്ല ത്യാഗരാജന്റെ ഉന്നത യോഗ്യതകളും ആഗോള കാഴ്ചപ്പാടുകളും സ്റ്റാലിനെ ആകർഷിച്ചു. പ്രൊഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സിൽ. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിഗ് ഡയറക്ടർ.

ഇത്രയേറെ പ്രോഫഷണൽ പശ്ചാത്തലമുള്ള പളനിവേൽ തമിഴ്നാട്ടിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാകുന്ന് ദ്രാവിഡ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചികയാണ്. ജീവിതത്തിലും ഇന്റർനാഷണൽ ആണ് പളനിവേൽ ത്യാഗരാജൻ. വിവാഹം കഴിച്ചത് അമേരിക്കക്കാരി മാർഗരറ്റിനെ. ഇവർക്ക് പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ എന്നീ രണ്ട് പുത്രന്മാരുണ്ട്.തിരുച്ചി എൻ.ഐ.ടിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ലോവൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്.