വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ഓക്സിജന്‍ ലഭ്യമാക്കുന്നതിനും കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി എഫ് എല്‍ ടി സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ എല്ലാ സി എഫ് എല്‍ ടി സികളിലും സൗകര്യപ്രദമായ മറ്റു കേന്ദ്രങ്ങളിലും ഈ സംവിധാനം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർ പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനാകും.
24 മണിക്കൂറും ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന കോൺസെൻട്രേറ്റർ മെഷീൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഓക്സിജൻ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. കോവിഡ് രോഗിക്ക് ആദ്യം പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തിൽ കുറവാണെങ്കിൽ കിയോസ്കിനുള്ളിലുള്ള ഓക്സിജൻ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയിൽ ധരിച്ച് മെഷീൻ ഓൺ ചെയ്‌താൽ മെഷീനിൽ നിന്ന് ഓക്സിജൻ ലഭിച്ചു തുടങ്ങും. പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജൻ നില അളക്കുമ്പോള്‍ ഓക്സിജൻ 94 ശതമാനത്തിൽ മുകളിലായാൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം.