മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്;മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി

കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി അറിയിച്ചു.

വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.