കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കവെ കുട്ടികളുടെ പഠന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു വെബ്സൈറ്റ് വേണമെന്നും അത് സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരമാകുമെന്നും കോടതി പറഞ്ഞു.
മാത്രമല്ല, വിദ്യാര്‍ഥികളുടെ പ്രശ്നത്തില്‍ പരിഹാരം കാണുന്നതിന് ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടും, പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ക്ളാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കുട്ടികളുടെ പഠനത്തിന് എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

