പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും കുട്ടികളുടെ പഠനം വീട്ടിൽ തന്നെ

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവ് കടുക്കുന്നതിനാൽ പ്രവേശനോത്സവമില്ലാതെ ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും കുട്ടികളുടെ പഠനം വീട്ടിൽ തന്നെയായിരിക്കും.ഓൺലൈൻ ക്ളാസുകൾ തുടരാനാണ് സാദ്ധ്യത. ഇപ്പോഴത്തെ നിലവച്ച് ഓണം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന കാര്യവും ഉറപ്പില്ല. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളിന്റെ മുറ്റം കാണാതെയാണ് കുട്ടികൾ പഠിച്ചത്. എന്തുമാത്രം പഠിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും വച്ചുള്ള പഠനം ചെറിയ ക്ളാസിലെ കുട്ടികളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിലയിരുത്താനായില്ല.

പത്താം ക്ളാസിന് താഴെ പരീക്ഷയില്ലാതിരുന്നതിനാൽ എന്ത് പഠിച്ചു, എന്ത് മനസിലാക്കി എന്നതിനെപ്പറ്റി ഒരു ധാരണ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യയനവർഷം എത്തുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് സ്കൂളിലെ ഒരു അദ്ധ്യാപികയ്ക്ക് കൊവിഡ് ലക്ഷണം കാണുകയും രണ്ടാം നാൾ മരിക്കുകയും ചെയ്തതോടെ അദ്ധ്യാപക സമൂഹം ആശങ്കയിലാണ്.

ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിൽ ഒരു സുരക്ഷയുമില്ലെന്നാണ് വിലയിരുത്തൽ. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തുന്നതു പോലും പേടിച്ചാണ്.18വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടം കൊവിഡ് വാക്സിനേഷൻ. അതുകഴിഞ്ഞ് സ്കൂൾ കുട്ടികൾക്ക് മുഴുവൻ നൽകിയാലേ പൂർണ തോതിൽ സ്കൂളുകൾ തുറക്കാനാവുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ അധികൃതർ പറയുന്നത്. അദ്ധ്യാപകർക്ക് പാേലും മുഴുവനായും വാക്സിൻ നൽകാനായിട്ടില്ല.