ഇന്ത്യൻ റോഡുകളിലെ സ്ഥിരം അപകടമേഖലകള്‍ നീക്കം ചെയ്യുന്നതിനായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 40,000 കോടി രൂപയോളം ചെലവഴിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യജീവനുകൾ വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്‍കരി, റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം, രാജ്യത്ത് പ്രതിവർഷം റോഡപകടങ്ങളില്‍ 1.5 മരണങ്ങൾ സംഭവിക്കുന്നു. ജീവൻ നഷ്‍ടപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങൾ മൂലം പലരും ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടുന്നുവെന്നും ഗഡ്‍കരി വ്യക്തമാക്കി.
2020 ൽ 1.31 ലക്ഷം പേർക്ക് ജീവൻ നഷ്‍ടപ്പെട്ടു. 3.49 ലക്ഷം പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റു. റോഡിലെ ബ്ലാക്ക് സ്പോട്ടുകൾക്കായി ഏകദേശം 40,000 കോടി രൂപ ചെലവഴിക്കുന്നുവെന്നും അപകട സ്ഥലങ്ങളിൽ നിരന്തരം പ്രവർത്തിക്കുകയും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും ഗഡ്‍കരി പറഞ്ഞു. റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് തന്‍റെ മന്ത്രാലയം മുൻകൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

