Politics (Page 4)

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരും. വിമർശിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പി ലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

പാണക്കാട് പ്രേമികൾക്ക്’ വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിന്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്. പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ”ഖാളി ഫൗണ്ടേഷനി’ലും പരിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയും പോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നതെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ. അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടർമാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2445 കന്നിവോട്ടർമാരും 229 പേർ പ്രവാസി വോട്ടർമാരുമാണ്. നവംബർ 20 ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയാകും.

ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

മത്സര രംഗത്ത് 10 സ്ഥാനാർത്ഥികൾ

ആകെ പത്തു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സി. കൃഷ്ണകുമാർ (ബി.ജെ.പി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐ.എൻ.സി, ചിഹ്നം: കൈ), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം:സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ.ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി(സ്വതന്ത്രൻ, ചിഹ്നം:തെങ്ങിൻ തോട്ടം), എൻ.എസ്.കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ്. ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം:ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർത്ഥികൾ.

184 പോളിങ് ബൂത്തുകൾ

നാല് ഓക്‌സിലറി ബൂത്തുകൾ (അധിക ബൂത്തുകൾ) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ൽ കൂടുതൽ വോട്ടർമാരുള്ളവിടമാണ് ഓക്‌സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവർ പ്രൈ മറി സ്‌കൂൾ കുന്നത്തൂർ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102 ആം നമ്പർ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഓക്‌സിലറി പോളിങ് സ്റ്റേഷൻ (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെൻട്രൽ ജൂനിയർ ബേസിക് സ്‌കൂൾ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്‌സിലറി ബൂത്തുകൾ പ്രവർത്തിക്കുക.

വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതർ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തിൽ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കൾ സജ്ജീകരിച്ചിരിക്കുന്നത്.

പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കൺട്രോൾ യൂണിറ്റുകൾ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകൾ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള രണ്ട് എഞ്ചിനീയര്മാരും പാലക്കാട് എത്തിയിട്ടുണ്ട്.

പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് സംവിധാനം

സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 19 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്.സിവിൽ സ്റ്റേഷനിൽ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ് വെബ്കാസ്റ്റിംഗ് നിരീക്ഷണം. പോളിങ് ദിനത്തിൽ രാവിലെ അഞ്ച് മുതൽ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവർത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ്സ്ട്രീമിങ് ഉണ്ടായിരിക്കും.

പ്രശ്നബാധിത ബൂത്തുകൾ

മണ്ഡലത്തിൽ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സുരക്ഷാ സേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിപ്പുറം യൂണിയൻ ബേസിക് യു.പി സ്‌കൂൾ (ബൂത്ത് നം. 49, 50), കർണ്ണകയമ്മൻ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീർപന്തൽ എ.എം.എസ്.ബി സ്‌കൂൾ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ അധികസുരക്ഷയൊരുക്കും.

തിരുവനന്തപുരം: മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റേതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പാർട്ടി നേതൃത്വത്തിലുള്ളവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് സ്വാഭാവികമാണ്. അത് സഹിഷുണതയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്യുക എന്നതാണ് ജനാധിപത്യ മര്യാദയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചാൽ അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കെപിസിസി പ്രസിഡന്റിനെ എത്രയോ തവണ വിമർശിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ ഈ നിലവിളിയൊന്നും കേട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഏതൊക്കെ തരത്തിലാണ് കടന്നാക്രമിക്കുന്നത്. മുസ്ലീം ലീഗ് പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ മാത്രം വിമർശിക്കാൻ പാടില്ലേ. ആ വിമർശനം എങ്ങനെയാണ് ഒരു പ്രത്യേക മതത്തിനെതിരെയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയത്തിൽ മത വൈരാഗ്യം കലർത്താനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയയാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. അങ്ങനെയൊരാൾ പാണക്കാട്ടേക്ക് വരുമ്പോൾ നേരത്തെ നടത്തിയ പ്രസ്താവനയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല. ചുട്ടുകൊല്ലണമെന്ന് ഉൾപ്പെടെ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്ക് കോൺഗ്രസും ലീഗും സർട്ടിഫിക്കറ്റ് നൽകുകയാണ്. ഇത് നാടാകെ അംഗീകരിക്കണമെന്ന് പറയുന്നത് ശരിയാണോ. മതന്യൂനപക്ഷങ്ങളുടെ പൊതുബോധത്തെ ഞങ്ങളാണ് നിശ്ചയിക്കുന്നതെന്ന് ചിലർ തീരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്നും ഇത് മുന്നിൽകണ്ടാണ് ബിജെപിയും കോൺഗ്രസും മത വർഗീയത ഇറക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യർ. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് കെ മുരളീധരനെ വേദിയിലിരുത്തി സന്ദീപ് വാര്യർ പുകഴ്ത്തി സംസാരിച്ചത്. ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരൻ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്..താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണ്. ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃത്യമായ രാഷ്ട്രീയ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. സന്ദീപ് വാര്യർ വർഗീയ പ്രചരണം നടത്തിയ ആളാണ്. ആർഎസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് പറഞ്ഞത്. ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുകയാണ്. കോൺഗ്രസിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. ഇടത് വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻറെ വിലയിരുത്തലാകും. ഇടതുപക്ഷം മൂന്നാം സർക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂർ കത്തുന്നത് കാണുന്നില്ലേ. അതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽ നിൽക്കുന്ന ഒന്നാമത്തെയാൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സാദിഖലി തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരമാർശം ജനങ്ങൾ തള്ളും. ജനങ്ങളുടെ മനസിലാണ് പാണക്കാട് തങ്ങൾമാരുടെ സ്ഥാനം. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ട്. അതിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അമ്പരപ്പാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്റെ ഗതികേടിന്റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ബിജെപി എടുക്കുന്ന അതേ നിലപാട് തന്നെയാണ് മുനമ്പം വിഷയത്തിൽ സിപിഎമ്മും എടുക്കുന്നത്. വിഷയം കൂടുതൽ രൂക്ഷമാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഉപതെരെഞ്ഞെടുപ്പിൽ പറ്റെ തറപറ്റുമെന്ന് മനസിലാക്കിയ ബേജാറിലാണ് മുഖ്യമന്ത്രിയും സിപിഎമ്മുമെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട്: മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി സന്ദീപ് വാര്യർ. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ സന്ദീപ് വാര്യരെ സ്വീകരിച്ചു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്.

മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. മുസ്ലിം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് യാത്രയ്ക്ക് മുന്നോടിയായി സന്ദീപ് പ്രതികരിച്ചു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട്ടേക്കുള്ള യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു.

ബിജെപി നേതൃത്വവുമായി സന്ദീപ് വാര്യർ ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ബിജെപിയുമായുള്ള അകച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായത്. തുടർന്ന് സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ കെ ബാലൻ രംഗത്തെത്തിയിരുന്നു.

പലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്മകഥാ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇപിയെ പാർട്ടി വിശ്വസിക്കുന്നു. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നു.

വെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടകര കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല. പാലക്കാടും- വടകരയും – തൃശൂരും ചേർന്നുള്ള ഡീലുണ്ട് ബിജെപിയും കോൺഗ്രസും തമ്മിൽ. പാലക്കാട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്. കോൺഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കോ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആരു വിചാരിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇ പി ജയരാജൻ പാലക്കാട്ടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തും. പി സരിനായി വോട്ട് തേടിയാണ് ഇ പി എത്തുന്നത്. വൈകിട്ട് 5 നാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.