Politics (Page 2)

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. എന്നാൽ യുഡിഎഫ് ഇത് നിർദേശിച്ചാൽ അത് നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും, യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്നാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും സലാം കൊച്ചിയിൽ പറഞ്ഞു.

മുസ്ലിം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യവുമായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. എന്നിരുന്നാലും, യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും അതിനായി ഒരുമിച്ചാൽ, നിരാകരിക്കാനാകില്ലെന്ന നിലപാടാണ് ലീഗ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു . നിരവധി വ്യവസായ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അൻവർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.

മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കവുമായി പിവി അൻവർ എംഎൽഎ .പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി . നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ പറഞ്ഞു . പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അൻവർ പറഞ്ഞു .

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളോടും സതീശൻ പ്രതികരിച്ചു. സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എൻഎസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻഎസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമർശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാർ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചെങ്ങന്നൂർ മുൻ എം എൽ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടത്.

ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയിൽ നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017 ൽ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങൾ പാസാക്കിയത്. കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും മകന് ജോലിയും, അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം, കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുമ്പോൾ അന്തരിച്ച പോലീസുകാരൻ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണവ. ആശ്രിത നിയമനം നടത്താൻ പ്രത്യേക അധികാരമുണ്ടെന്ന സർക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയിൽ പൊളിഞ്ഞത്. സർക്കാർ ജീവനക്കാർക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാർട്ടിക്കാർക്കും സ്വന്തക്കാർക്കും നല്കാൻ മന്ത്രിമാർക്ക് അധികാരമില്ലെന്ന് സുവ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു.

ഇതോടനുബന്ധിച്ച് ദുരിതാശ്വസനിധി ദുരുപയോഗം ചെയ്ത കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോകായുക്തയിൽ കേസുണ്ടായെങ്കിലും അവ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു. സുപ്രീംകോടതി വിധി ലോകായുക്തയുടെ കണ്ണുതുറപ്പിക്കണം. സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സർക്കാർ നിരവധി പാർട്ടിക്കാർക്കാണ് നിയമനം നല്കിയത്. സർവകലാശാലാ നിയമനങ്ങൾ ഏതാണ്ട് പൂർണമായും ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കു നല്കി. മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ തുടങ്ങിയവർക്ക് ബന്ധുനിയമനത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. ഇതിനെല്ലാം ഒത്താശ നല്കുന്നത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോൺഗ്രസ്സ് മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോൺഗ്രസ്സ് എം എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാർട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. മതമേലധ്യക്ഷൻമാർ മുന്നണി പ്രവേശത്തിൽ ഇടപെട്ടിട്ടില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം എന്നായിരുന്നു വാർത്തകൾ.

ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം വേദികളിൽ നിന്ന് ജി സുധാകരൻ പൂർണമായും മാറ്റിനിർത്തപ്പെട്ട സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ സന്ദർശനം. എന്നാൽ, ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയുമായി ജി സുധാകരൻ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ വേണുഗോപാൽ നടത്തുന്ന സന്ദർശനം പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തുറക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ സന്ദർശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം: കരുനാഗപ്പള്ളി വിഷയത്തിൽ നടപടി സ്വീകരിച്ച് സിപിഎം. ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്നാണ് നടപടി.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്‌നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു.

ന്യൂഡൽഹി: വയനാട് എംപിയായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേരളീയ വേഷത്തിലാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. കേരളാ സാരി ധരിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. വലിയ കയ്യടിയോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ വരവേറ്റത്.

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വയനാട്ടിൽ പ്രിയങ്ക വിജയിച്ചത്.

പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ ലോക്‌സഭാ സന്ദർശക ഗ്യാലറിയിൽ സോണിയ ഗാന്ധിയുമെത്തിയിരുന്നു. പാർലമെന്റിൽ പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ ഇന്ത്യ മുന്നണിയ്ക്ക് കരുത്ത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിക്കളിക്കുന്ന എൽഡിഎഫിന്റെ വർഗീയ കാർഡുകൾക്കൊപ്പമല്ല ജനം യുഡിഎഫിന്റെ മതേതരത്വത്തിന് ഒപ്പമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലീഗിനെതിരെ വിമർശനം ഉണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുള്ളൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇടതുപക്ഷമില്ലെങ്കിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാരാകുമെന്ന് വരെ പറഞ്ഞവരാണ് സിപിഎമ്മുകാർ. പുരോഗമന രാഷ്ട്രീയത്തിന് പകരം വർഗീയ പ്രചാരണമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി അനുഭവപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയപ്പോഴും ചേലക്കര എൽഡിഎഫിനൊപ്പമായിരുന്നു. ആ ചേലക്കരയിൽ വലിയ വോട്ട് നഷ്ടമാണ് സിപിഎമ്മിനുണ്ടായത്. ഇടതുപക്ഷത്തിന് എവിടെയും ഒന്നും നേടാനായിട്ടില്ല. മതേതര കാഴ്ചപ്പാടോടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജനം അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.