Politics (Page 12)

ചെന്നൈ: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചു. വിജയ് തന്നെയാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പതാക. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയാണ് വിജയ് പതാക അവതരിപ്പിച്ചത്.

ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് പ്രതികരിച്ചു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാലര വർഷം മുൻപ് കിട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അന്ന് വായിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ നിയമ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പോക്സോ ഉൾപ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വച്ച് ഒരു സിനിമ കോൺക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോൺക്ലേവാണോ നടത്തേണ്ടത്. ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്. ചൂഷണം അവസാനിപ്പിക്കാൻ നടപടി ഇല്ലെങ്കിലും സിനിമ കോൺക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. നാലര വർഷം റിപ്പോർട്ടിന് മേൽ അടയിരുന്ന സർക്കാരും മുഖ്യമന്ത്രിയും ക്രിമിനൽ കുറ്റമാണ് ചെയ്തത്. ക്രിമിനൽ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സർക്കാർ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഏത് പരുന്താണ് സർക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും മേൽ പറക്കുന്നത്. കേസെടുക്കാൻ പുതുതായി പരാതി നൽകേണ്ട കാര്യമില്ല. ഇത്രയും വലിയൊരു പരാതിയുടെ കൂമ്പാരം നാലരക്കൊല്ലമായി സർക്കാരിന്റെ കയ്യിൽ ഇരിക്കുകയല്ലേ. എന്നിട്ടും സർക്കാർ അത് മറച്ചുവച്ചു. സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുറ്റകൃത്യം അന്വേഷിച്ചേ മതിയാകൂ. വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്കെത്തി. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയുമെന്ന് അദ്ദേഹം പറഞ്ഞു.

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ജീർണ്ണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യങ്ങളും കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ഒരു സംശയവുമില്ല. സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം നീതി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിഭജനം നടന്നത് മതാടിസ്ഥാനത്തിലാണ്. അന്നുമുതൽ കോൺഗ്രസ് ന്യൂനപക്ഷ അഭയാർത്ഥികളെ വഞ്ചിക്കുകയാണ്. സിഎഎ ജനങ്ങൾക്ക് പൗരത്വം നല്കുന്നതിനുമാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് നീതിയും അവകാശവും ഉറപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും സഖ്യകക്ഷികളുടേയും പ്രീണന രാഷ്ട്രീയം കാരണം അഭയം തേടിയ ആളുകൾക്ക് 1947 മുതൽ 2014 വരെ നീതി ലഭിച്ചില്ല അവർ ഹിന്ദുവോ ബുദ്ധമതക്കാരോ, സിഖുകാരോ, ജൈനമതക്കാരോ ആയതിനാൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വടകരയിൽ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചാരണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാഫിർ പരാമർശവും യുഡിഎഫിന്റെ ഇത്തരം പ്രചാരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യം നടന്നത് ടീച്ചർക്കെതിരെ ‘ടീച്ചറമ്മ’ എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് പിന്നാലെ ഉണ്ടായത്. അതിനും പിന്നാലെയാണ് കാഫിർ പരാമർശം ഉൾപ്പെടെയുള്ളവ ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്. മുസ്ലീങ്ങൾ തീവ്രവാദികളാണ് എന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്നാണ് പിന്നീട് പ്രചരിപ്പിച്ചത്. ലൗ ജിഹാദ് നിലനിൽക്കുന്നതായി ശൈലജ ടീച്ചർ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാനൂർ സ്‌ഫോടന കേസിലെ പ്രതികളുമായി നിൽക്കുന്ന ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചു. തെറ്റായ വാർത്തയുടെ പ്രചാരണം എഐ സംവിധാനത്തോടെ കൂടുതൽ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിൽ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഐ എം ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി മുന്നോട്ടുപോകും. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് തിരഞ്ഞെടുപ്പിൽ മാത്രമുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതക്കെതിരായ നിലപാട് എക്കാലത്തും സിപിഐ എം തുടർന്നുപോകും. ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും കൂട്ടുകക്ഷികളെ പോലെയാണ് കോൺഗ്രസും ലീഗും പ്രവർത്തിച്ചത്. വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ അശ്ലീലവും വർഗീയവുമായ വ്യാജ പ്രചാരണമാണ് നടന്നത്. ഇത് ചൂണ്ടിക്കാട്ടി വിഷയത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും മന്ത്രി കൂട്ടച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനകൾ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇക്കാരണത്താലാണ് മാനനഷ്ട കേസ് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

തരൂർ വാർത്താ ചാനലിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിൽ തരൂർ പരാജയപ്പെട്ടതായും ഹർജിയിൽ പറയുന്നു. ആരോപണം ഉയർത്തിയതിന് പിന്നാലെ ഏപ്രിൽ ഒൻപതാം തിയതി തരൂരിന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. തെറ്റായ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ തരൂർ നോട്ടീസിനോട് പ്രതികരിക്കുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം.

തിരുവനന്തപുരം: ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയും ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാൻ പുതുതായി അധികാരമേറ്റ ഇടക്കാല സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസർക്കാർ ബംഗ്ലാദേശ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും സിപിഎം പോളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ചു.

തൃശൂർ: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി ചിലവുകൾ നിയന്ത്രിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ബജറ്റിൽ അനുവദിച്ച പദ്ധതികൾ അതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിൽ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കണ്ട എന്ന് ധനവകുപ്പ് തീരുമാനിക്കുന്നു. പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാൻ ബി എന്ന് മനസിലാകുന്നില്ല. സർവീസ് ചാർജുകൾ വർധിപ്പിക്കാനാണ് നീക്കമെങ്കിൽ അതിനെ എതിർക്കും. ഇനി ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ലെന്നും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു മാർഗവുമില്ല. സിപിഎമ്മിന്റെ പി ആർ പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ല. ക്യാപ്‌സ്യൂൾ വിതരണം കൊണ്ട് മാവേലി സ്റ്റോറിൽ സാധനം എത്തില്ല. ആശുപത്രിയിൽ മരുന്ന് വരില്ല. കെ.എസ്.ആർ.ടി.സി ബസ് ഓടുകയുമില്ല. ഈ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഓണം സീസൺ വരികയാണ്. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട സമയമാണ്. വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്ത് അഞ്ച് നയാ പൈസ കയ്യിലില്ല. നികുതി വരുമാനം വർധിപ്പിക്കാനും നടപടിയില്ല. പ്രശ്‌നങ്ങൾ അതി രൂക്ഷമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിൻ സർക്കാർ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാർ ഇന്നലെ തന്നെ നിവേദനം കൊടുത്തോ എന്നറിയില്ല. പ്രധാനമന്ത്രി വരുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകേണ്ടതാണ്. ഇതുവരെ കൊടുത്തിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്നോ നാളെയോ അത് കൊടുക്കട്ടെ. സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ച് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ചണ്ഡിഗഡ്: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ സഖ്യം തയ്യാറായിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം എന്ത് ഗൂഢതന്ത്രങ്ങൾ മെനഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും. കോൺഗ്രസ് മൂന്ന് തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഒരൊറ്റ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യ സഖ്യം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡിഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് പ്രതിപക്ഷം പഠിക്കണമെന്നും അമിത് ഷാ അറിയിച്ചു. ജനസേവനമാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. വെള്ളം ഇല്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. 24 മണിക്കൂറും ജലവിതരണം നൽകുന്ന പദ്ധതിയാണ് ന്യായ് സേതു. ഇന്നത്തെ കാലത്ത് ഇത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശുദ്ധജലം കുടിക്കാൻ കിട്ടാതെ നിരവധി പേർക്കാണ് പലവിധ രോഗങ്ങൾ പിടിപ്പെടുന്നത്. അതിനാൽ 125 ഏക്കറിൽ വ്യാപിക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ്. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്ന് അദ്ദേഹം വിമർശിച്ചു.

സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ. ചക്രവ്യൂഹത്തിന്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണിവ. തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്കായി ബജറ്റിൽ എന്തുണ്ടെന്ന് രാഹുൽഗാന്ധി ധനമന്ത്രി നിർമ്മലാ സീതാരാമനോട് ചോദിച്ചു.