Latest News (Page 7)

ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ  അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും  വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ ജില്ലകളിൽ കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നും പോസ്റ്റ്‌മോർട്ടം ഉൾപ്പെടയുള്ള രേഖകൾ അടിയന്തിരമായി ക്രോഡീകരിച്ചു കർഷകർക്ക് നഷ്ടപരിഹാരം ഉടൻ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ നേതൃത്വത്തിൽ ഉഷ്ണകാലത്തു പ്രത്യേകമായി നടപ്പിലാക്കിയ വേനൽക്കാല ഇൻഷുറൻസ് പദ്ധതി വഴി 34000 ഓളം കന്നുകാലികളെ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്നും അത് വഴി 1.18 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമാന രീതിയിൽ 2024 -25 വർഷത്തിൽ 36000 ഓളം കന്നുകാലികൾക്ക്  വേനൽക്കാല  ഇഷുറൻസ് പരിരക്ഷ  ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ മിൽമ  മലബാർ മേഖല വഴി 2023-24 വർഷത്തിൽ 38588 പശുക്കളെയും,2024 -25 വർഷത്തിൽ 40668 പശുക്കൾക്ക് വേനൽക്കാല ഇഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും 1.62 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.മിൽമ എറണാകുളം മേഖല വഴി 25000 കന്നുകാലികളെ വേനൽക്കാല ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും 45 ലക്ഷം രൂപ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്യുവാൻ കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വിവരാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി  മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ് എം എസ്സിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു  മന്ത്രി നിർദേശം നൽകി.   മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ  ആസിഫ് കെ  യൂസഫ്, ക്ഷീര വികസന വകുപ്പ്  ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട  നടപടികളെ കുറിച്ച്  വിശദമായി സംസാരിച്ചു.

വിവിധ ജില്ലകളിൽ കന്നുകാലികൾ  ചൂടിന്റെ കാഠിന്യം മൂലം മരണപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കും എന്ന് മന്ത്രി അറിയിച്ചു.  ഉഷ്ണ  തരംഗം  റിപ്പോർട്ട്  ചെയ്തിട്ടുള്ളതും  ജല ദൗർലഭ്യം  അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ  ജില്ലാ ഓഫീസർമാർ  കളക്ടർമാരുമായി  നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക്  ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജില്ലകളിൽ നിന്നും 31-3-2025 വരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്തു ഉഷ്ണതാപം മൂലം 106 പശുക്കളും 12 എരുമകളും 8 ആടുകളും മരണപ്പെട്ടിട്ടുണ്ട്.

കടുത്ത വേനലിനെ  പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള  താഴെപ്പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ  കർഷകർ  പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

§ തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ  സഹകരമാവും.

§ മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമം.

§ സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മണി മുതൽ വൈകിട്ട് 4  മണി വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. ആയതിനാൽ 11 മണിക്ക് മുൻപും 4  മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാൻ വിടുക.

§ ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം)

§ ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

§ മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക.

§ ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക.

§ കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നതിനാൽ    ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.

§ വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

§ ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കേണ്ടതുമാണ്.

§ കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4  മണി വരെയുള്ള ചൂട് കൂടിയ  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്.

§ പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

സൂര്യാഘാതം-ലക്ഷണങ്ങൾ

§ തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക , വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

§ തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കുക.

§ കുടിക്കാൻ ധാരാളം വെള്ളം നൽകുക

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവിച്ച നേതാവ് എംഎം മണിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്കുടുംബാംഗങ്ങൾ പറഞ്ഞു . എംഎം മണി ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവും സിപിഎം സംസ്ഥാന സമിതിയുടെ അംഗവുമാണ്.

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതൽ സ്ത്രീകൾ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റേയും വെളിച്ചത്തിൽ ഒരു സിനിമ രൂപപ്പെടുമ്പോൾ ഈ മേഖലയിൽ പ്രവർത്തിയെടുക്കുന്ന എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിൽ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെൻഡർ പാർക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ സ്ത്രീകളോട് അതിക്രമം പാടില്ല. വിവിധ തൊഴിലിടങ്ങളിൽ ധാരാളം സ്ത്രീകളെ കാണാം. കണക്കുകൾ പരിശോധിച്ചാൽ സംഘടിത മേഖലയിൽ പ്രത്യേകിച്ചും സർക്കാർ മേഖലയിൽ ഏറ്റവും അധികം സ്ത്രീകളാണ്. സെക്രട്ടറിയേറ്റിൽ 65 മുതൽ 70 ശതമാനത്തോളം സ്ത്രീകളാണ്. ആരോഗ്യ മേഖലയിലും ഏറ്റവുമധികം ജോലി ചെയ്യുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസ മേഖലയിൽ ആർട്സ് ആന്റ് സയൻസ് കോളേജിലും പ്രൊഫഷണൽ കോളേജുകൾ എടുത്തു നോക്കിയാലും 60% മുതൽ 70% വരെ പെൺകുട്ടികളാണ് എന്നതാണ് യാഥാർത്ഥ്യം.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സർക്കാർ വലിയ പ്രധാന്യമാണ് നൽകുന്നത്. 2023 ജനുവരിയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചു. ആ ഘട്ടത്തിൽ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. എന്നാൽ പരമാവധി സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റർ ചെയ്യിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ചലച്ചിത്രമേഖലയിൽ കൂടി ഇത് നടപ്പിലാക്കുന്നന്നത്.

പോഷ് ആക്ട് പ്രകാരം നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടിയിട്ടുള്ള മോഡ്യൂൾ പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിർമ്മാതാവ് തൊഴിൽ ദാതാവാണ്. അപ്പോൾ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതും സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതും നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്. വിവിധ സംഘടനകളുടെ പ്രാതിനിധ്യം തെളിയിക്കുന്നത് നല്ല രീതിയിൽ ചലച്ചിത്ര മേഖല ഇത് സ്വീകരിക്കുന്നുണ്ട് എന്നുള്ളതാണ്. മലയാള സിനിമാ മേഖല സ്ത്രീ സൗഹൃദമാക്കുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള പരിശീലന പരിപാടിയായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി

ദില്ലി: വഖഫ് നിയമഭേദഗതി ബിൽ പാസായതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക നടപടി എന്ന് വിശേഷിപ്പിച്ചു. പുതിയ നിയമം സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവക്ക് ശക്തി നൽകുകയും, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുകയും ചെയ്യും. ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, സോഷ്യൽ മീഡിയ വഴി സന്ദേശം നൽകിയ മോദി, പതിറ്റാണ്ടുകളായി വഖഫ് സംവിധാനത്തിൽ ഉണ്ടാവുന്ന ഉത്തരവാദിത്വവും സുതാര്യതയുടെയും അഭാവം പരിഹരിക്കുമെന്നാണ് വിശ്വാസമെന്ന് മോദി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കാത്തിരിപ്പ് അവസാനിച്ച് ഒന്നാം തീയതിയോടൊപ്പം ശമ്പളം വിതരണം തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒരു തവണയിലായി നൽകാനാണ് തീരുമാനം. ശമ്പള വിതരണം പൂർത്തിയാക്കി, ഇതിന് 80 കോടി രൂപ ചെലവായതായി കെഎസ്ആർടിസി അറിയിച്ചു. ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകിയത്, എന്നാൽ സർക്കാർ സഹായം ലഭിച്ചാൽ 50 കോടി രൂപ തിരിച്ചടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

2020 ഡിസംബറിനുശേഷം ആദ്യമായാണ് കെഎസ്ആർടിസി ഒന്നാം തീയതിയിൽ ശമ്പളം നൽകുന്നത്. മാസത്തിന്റെ ആദ്യ ദിനം ശമ്പളം ലഭിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ഇനിയുമുള്ളതായിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ മുൻമാസം ഉറപ്പ് നൽകിയിരുന്നു.

ഓരോ മാസവും 10.8% പലിശ നിരക്കിൽ എസ്ബിഐയിൽ നിന്ന് 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുക്കുന്ന രീതിയിലാണ് ശമ്പള വിതരണം സ്ഥിരമാക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനൊപ്പം സർക്കാർ നൽകുന്ന 50 കോടി രൂപയുടെ പ്രതിമാസ സഹായവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

വരുമാനം വർദ്ധിപ്പിച്ച് ചെലവ് ചുരുക്കി ഓരോ മാസവും 20നകം കുടിശ്ശിക തീർക്കാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി മുന്നേറുകയാണ്. മുമ്പ് ഓവർഡ്രാഫ്റ്റ് സംവിധാനം പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റ് വഴി പദ്ധതി വിജയിപ്പിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂര്‍ റൂട്ടില്‍ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19ാമത്തെ ബോട്ടാണ് ഏലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരില്‍ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി വര്‍ധിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ഇനി നാലു ബോട്ടുകള്‍ കൂടിയാണ് ലഭിക്കാനുള്ളത്‌.

കൊച്ചി വാട്ടർ മെട്രോ ഏലൂർ ടെർനമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മാർച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ള റൂട്ടും സർവ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂർ ജെട്ടിയിൽ പുതിയ പൊൻറൂൺ സൗകര്യം വരുന്നത് വരെ ഡബിൾ ബാങ്കിംഗ് ഏർപ്പെടുത്തി ബോട്ടുകൾക്ക് സർവ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക. ഏലൂരിൽ നിന്നും നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികമാറ്റം പരിഗണനയിലാണെന്നും പി.രാജീവ് പറഞ്ഞു.

ന്യൂദില്ലി: ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഓഫീസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഐഎഫ്എസിൽ പ്രവേശിക്കുന്നതിന് മുമ്പ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചിരുന്ന നിധി, ഇപ്പോൾ ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്. പുതിയ പദവിയിൽ ലെവൽ 12 അടിസ്ഥാന വേതനം ലഭിക്കും.

2013ലെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി 2014-ൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിക്ക് സമീപമുള്ള മഹമൂർഗഞ്ചാണ് നിധി തിവാരിയുടെ സ്വദേശം.

2022-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി ചുമതലേറ്റ ഇവർ, 2023 ജനുവരിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി ഉയർന്നു. അതിനുമുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിധി, അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. 2025-26 സാമ്പത്തിക വർഷം നിരവധി മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ ഇന്ന് മുതൽ യുപിഐ അക്കൗണ്ടിൽ നിന്ന് ഒഴിവാക്കും. സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള ജീവനക്കാർ യുപിഎസ് പദ്ധതിയിലേക്ക് മാറാൻ ജൂൺ 30നകം ഓപ്ഷൻ നൽകേണ്ടതുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ആദായ നികുതിയിലുണ്ടാകുന്ന വലിയ മാറ്റം – പൂർണമായും നികുതി ഒഴിവാക്കാവുന്ന വാർഷിക വരുമാന പരിധി 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാകുന്നു.

വാഹന നികുതി വർധന

  • 15 വർഷം പഴക്കമുള്ള ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുചക്ര വാഹനങ്ങൾക്കും റോഡ് നികുതി 900 രൂപയിൽ നിന്ന് 1350 രൂപയാകും.
  • 750 കിലോ വരെ ഭാരമുള്ള സ്വകാര്യ കാറുകളുടെ നികുതി 6400 രൂപയിൽ നിന്ന് 9600 രൂപയാകും.
  • കാറുകളുടെ ഭാരം അനുസരിച്ചും നികുതിയിൽ മാറ്റങ്ങൾ വരും.

ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിക്കും – 15 ലക്ഷം രൂപക്ക് മുകളിലുള്ള ഇ-വാഹനങ്ങൾക്ക് 3%-5% നികുതി കൂട്ടും. കാർ നിർമ്മാതാക്കൾ വാഹന വില 2%-4% വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു.

മൊബൈൽ സേവനം മുടങ്ങിയാൽ നഷ്ടപരിഹാരം – ഒരു ജില്ലയിൽ മൊബൈൽ സേവനം 24 മണിക്കൂർ മുടങ്ങിയാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തുക തിരിച്ചുനൽകും.

പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് നിക്ഷേപ ലാഭവിഹിതം ലഭിക്കില്ല.

കേരളത്തിൽ തൊഴിലുറപ്പ് വേതനം ഉയരും – 346 രൂപയായിരുന്നു വേതനം, ഇത് 369 രൂപയാകും.

ഭൂനികുതിയിലും കോടതി ഫീസിലും വർധന – ഭൂനികുതിയിൽ 50% വർദ്ധനവും 23 ഇനം കോടതി ഫീസുകളിലും വർദ്ധനവുമുണ്ടാകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രതിഫല വർധന –

  • ക്ഷാമബത്ത 3% ഉയരും.
  • ദിവസ വേതനക്കാരും കരാർ ജീവനക്കാരും 5% അധിക ശമ്പളം നേടും.

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ കർശനമായി എതിർക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചാണ് ഈ ബിൽ മുന്നോട്ട് കൊണ്ടുവന്നതെന്ന് പ്രമോദ് തിവാരി എംപി അഭിപ്രായപ്പെട്ടു. സംയുക്ത പാർലമെന്ററി സമിതി ഏകപക്ഷീയമായ രീതിയിലായിരുന്നു പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലിനെതിരെ സമാജ് വാദി പാർട്ടിയും രംഗത്തെത്തി. മതസൗഹാർദ്ദം തകർക്കാനാണ് ഈ ബില്ലിൻ്റെ ഉദ്ദേശ്യമെന്നു സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് ആരോപിച്ചു. 1000 പേജുള്ള ബിൽ അംഗങ്ങൾക്കും വേണ്ടത്ര പഠിക്കാനുള്ള അവസരം പോലും നൽകിയില്ലെന്നും, അതിനാൽ തന്നെ ജെപിസി നടപടികൾ നീതിയുക്തമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.

രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

2023 – 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു..

വിവിധ ഇനങ്ങൾക്ക് ഈവർഷം നൽകിയ തുക

Ø ക്ഷേമ പെൻഷൻ  13,082 കോടി (ബജറ്റിനെക്കാൾ 2053 കോടി അധികം)

Ø കാസ്പിന് 979 കോടി (ബജറ്റിനെക്കാൾ 300 കോടി അധികം)

Ø സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി. (ബജറ്റിനേക്കാൾ 251 കോടി അധികം)

Ø റേഷൻ സബ്സിഡിക്ക് 1,012 കോടി (ബജറ്റിനെക്കാൾ 74 കോടി അധികം)

Ø കെഎസ്ആർടിസിക്ക് 1,612 കോടി. (ബജറ്റിനെക്കാൾ 676 കോടി അധികം)

Ø ജലജീവൻ മിഷന് 952 കോടി. (ബജറ്റിനെക്കാൾ 401 കോടി അധികം)

Ø ലൈഫ് മിഷന്  749 കോടി. പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടി നൽകി.

Ø ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി.

Ø നെല്ല് സംഭരണത്തിന് 558 കോടി. (ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു)

Ø വിപണി ഇടപെടലിന് 489 കോടി. (ബജറ്റിനെക്കാൾ 284 കോടി അധികം)

Ø എസ് സി/ എസ് ടി/ഒ ബി സി/ ഒ ഇ സി/ മൈനോറിറ്റി സ്‌കോളർഷിപ്പുകൾക്കായി 1429 കോടി രൂപ. (മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട തുക ലഭ്യമാക്കി)

Ø ആശ വർക്കേഴ്സിന് സംസ്ഥാന സഹായമായി 211 കോടി. (ബജറ്റിനെക്കാൾ 23 കോടി രൂപ അധികം)

Ø ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലമായി 240 കോടി

Ø എൻഎച്ച്എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി. (ബജറ്റിനെക്കാൾ 60 കോടി അധികം)

Ø അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി.

Ø സ്‌കൂൾ പാചക തൊഴിലാളി വേതനത്തിന് 379 കോടി.

Ø പുഞ്ച സബ്സിഡി 44 കോടി. (ബജറ്റിനെക്കാൾ 29 കോടി അധികം)

Ø സ്‌കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി.

Ø ഇൻകം സപ്പോർട്ട് സ്‌കീമുകൾക്ക് 68 കോടി.

Ø ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടി.

Ø കൊച്ചി മെട്രോയ്ക്ക് 439 കോടി നൽകി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

Ø കെഎസ്ഇബിക്ക് 495 കോടി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനും വകയിരുത്തൽ ഇല്ലാത്ത ചെലവുകളും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 ശതമാനം അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പി എഫിൽ ലയിപ്പിച്ചു. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും മന്ത്രി പറഞ്ഞു.