Latest News (Page 5)

ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കലിമ ചൊല്ലിയതിനാൽ ആയിരുന്നു എന്ന് അസമിലെ കോളേജ് അധ്യാപകൻ ദേവാശിഷ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു. ഇസ്ലാമിക പ്രാർത്ഥനകളെക്കുറിച്ചുള്ള തന്റെ അറിവ് തന്നെ ഭീകരരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അസം സർവകലാശാലയിലെ ബംഗാളി അധ്യാപകനായ 58 വയസ്സുകാരനായ പ്രൊഫസർ ദേവാശിഷ് ഭട്ടാചാര്യ, ഭാര്യ മധുമിതയും മകൻ ദ്രോഹദീപുമായ് കാശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ വെടിയൊച്ച കേട്ടു. ആദ്യം ഇത് വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വനവകുപ്പ് നടത്തിയ ബ്ലാങ്ക് ഷോട്ടാണെന്നു കരുതിയെങ്കിലും, പിന്നീട് ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ചുകൊല്ലുന്നത് നേരിട്ട് കണ്ടു.

ആശങ്കയോടെ കുടുംബം രക്ഷപെടാൻ ഓടി അടുത്ത മരത്തിനടിയിൽ ഒളിച്ചിരിക്കുന്നു. അതിനിടെ ഒരു തോക്കധാരിയെത്തി സമീപവാസികളിൽ ഒരാളെ വെടിവെച്ചു. തുടർന്ന് കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ടപ്പോൾ, സമീപവാസികൾ ചൊല്ലിയതും പിന്നീട് ദേവാശിഷ് ഭട്ടാചാര്യയും ഇസ്ലാമിക പ്രാർത്ഥന ഒച്ചകുറച്ച് ചൊല്ലിയതും ഇയാളെ രക്ഷിക്കുകയായിരുന്നു. ഭീകരർ അദ്ദേഹത്തെ വെടിവെയ്ക്കാതെ വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ മധുമിത ഭട്ടാചാര്യ അതിവേഗം തന്റെ മതപരമായ തിരിച്ചറിവ് മറച്ചു. ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളായ വളകളും സിന്ദൂരവും നീക്കം ചെയ്താണ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത്.

ഭീകരർ സ്ഥലമൊഴിയുകയും, പിന്നീട് ഇവർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. വേലികൾ ചാടിക്കടന്ന് കുതിരപ്പാതയിലൂടെ 2.5 കിലോമീറ്റർ നടന്ന്, നാട്ടുകാരുടെയും ഗൈഡിന്റെയും സഹായത്തോടെ ശ്രീനഗറിലെ ഹോട്ടലിൽ എത്തുകയായിരുന്നു.

ഈ ആക്രമണം രാജ്യത്ത് മതസമരങ്ങൾക്കായി ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദൃക്സാക്ഷികൾ പറയുന്ന വിവരങ്ങൾ തെളിയിക്കുന്നു. കൊല്ലപ്പെട്ട കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ സഹോദരി ഷാംഭവി, കലിമ ചോദിച്ചപ്പോൾ തങ്ങൾ ആദ്യം തമാശയായി കാണുകയായിരുന്നു എന്നും പിന്നീട് ഭീകരർ വീണ്ടും ചോദ്യം ആവർത്തിച്ച് വെടിവെച്ചതായും പറയുന്നു.

ഗുജറാത്തിലെ ശൈലേഷ് കൽത്തിയും ഭാര്യയുമായിരുന്നു പഹൽഗാമിൽ. അവിടെയും ഭീകരർ ആളുകളെ മതം നോക്കി തിരിച്ചു നിർത്തിയെന്നും കലിമ ചൊല്ലാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം ഭാര്യ ശീതൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊല്ലാത്തവർ വെടിവെച്ച് കൊല്ലപ്പെട്ടു.

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് നാടിന്റെ വിട. ഇടപ്പള്ളി പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.

സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ 9.30 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനബാഹുല്യം മൂലം 10.30-ഓടെയായിരുന്നു അവസാനിച്ചത്. അപ്പോഴും അനവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. തുടർന്ന് അന്ത്യ കർമങ്ങൾക്കായി ഇടപ്പള്ളി മങ്ങാട്ടു റോഡിലെ വസതിയിലേക്കു കൊണ്ടുപോയി. അവസാനമായി അദ്ദേഹത്തെ കാണാൻ ധാരാളം പേരാണ് ഇവിടെയും ഒഴുകിയെത്തിയത്. പിന്നീട് ഇടപ്പള്ളി പൊതു ശ്മശാനത്തിലേക്കുള്ള യാത്രയിലും നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ പാതവശങ്ങളിൽ കൂടിയിരുന്നു.

 ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ. ബാബു, അൻവർ സാദത്ത്, കെ.ജെ മാക്സി, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, യുവജന കമ്മീഷൻ മുൻ ഉപാധ്യക്ഷൻ എസ്. സതീഷ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, നടന്മാരായ ജയസൂര്യ, ഷഹീൻ സിദ്ധീക് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. പഹൽഗാമിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ആദ്യ യോഗം ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിലാണ് നടന്നത്. സുരക്ഷാസംബന്ധിയായ മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പിന്തുണ അറിയിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലിയോടെ ഇന്ത്യ സൗദി ഉച്ചകോടി ആരംഭിച്ചു. സൗദി കിരീടാവകാശിയും അനുശോചനമറിയിച്ചു. എല്ലാ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇതിൽ 27 പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. പത്തിലധികം പേർക്ക് പരിക്കുകളുണ്ട്, ഇവർ ചികിത്സയിലാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ഇന്ന് നടക്കും. കൂടാതെ ഒരു നേപ്പാൾ സ്വദേശി, യു.എ.ഇ പൗരത്വമുള്ള ഇന്ത്യൻ വംശജനുമാണ് കൊല്ലപ്പെട്ടതിൽ ഉൾപ്പെടുന്നത്.

പോസ്റ്റ്മോർട്ടം നടപടികൾ ശ്രീനഗറിൽ തന്നെ നടക്കും. മൃതദേഹങ്ങൾ വിട്ടുനൽകുന്നത് രണ്ട് ദിവസം വരെ നീണ്ടേക്കാമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കായികവിദ്യാഭ്യാസത്തിന് ഊന്നൽ

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.  മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഗാ സൂംബാ ഡിസ്‌പ്ലെ

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് പരിപാടി. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയുന്നതിനായി സമഗ്രമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  വരുന്ന അധ്യയന വർഷം വിദ്യാർത്ഥികൾക്കായി വിപുലമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഫുട്‌ബോൾ ക്യാമ്പ്

സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ പരിശീലന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 21 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ 10 വിദ്യാലയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. ൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊമ്പൻസ് സ്പോർട്‌സ് ഫൗണ്ടേഷനുമായി ചേർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ ആരംഭിച്ച മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പഠന പിന്തുണയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷകൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുരുന്നെഴുത്തുകൾ‘ പ്രസിദ്ധീകരിക്കുന്നു 

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ ആക്കിയതിന്റെ പ്രകാശനം ഏപ്രിൽ 23 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഖാദർ കമ്മിറ്റി നിർദ്ദേശിച്ച പരിഷ്‌കരണനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കി. സ്‌പെഷ്യൽ റൂൾസ് പ്രകാരം ഒരു തസ്തിക പോലും നഷ്ടപ്പെടില്ല, മറിച്ച് കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും സ്ഥാനക്കയറ്റ സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതിലൂടെ യുവജനങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് ജോലി തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ചെറുപുഴ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി സംവിധാനമാണ് കേരളത്തിലേത്. ട്രഷറികളുടെ നവീകരണത്തിന്റെ ഭാഗമായി ഇടപാടുകാരുടെ അഭിപ്രായങ്ങളുംകൂടി പരിഗണിച്ചാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിര്‍മിക്കുക. 1,66,10,202 രൂപയാണ് അടങ്കല്‍ തുക. എച്ച് എല്‍ എല്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാനാണ് സാധ്യതയെന്ന് പ്രവചിക്കുന്നു.

അതേസമയം, അടുത്ത അഞ്ച് ദിവസത്തിനുള്ള കാലാവസ്ഥാ പ്രവചനത്തിൽ നിലവിൽ സംസ്ഥാനത്ത് മഴ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പു പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം:
കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Search

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട മാർപ്പാപ്പ ഫ്രാൻസിസ് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി. ഇതിനിടെ വത്തിക്കാൻ മാർപ്പാപ്പയുടെ മരണപത്രം പുറത്തിറക്കി. തന്റെ അന്ത്യവിശ്രമസ്ഥലം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുൻ മാർപ്പാപ്പമാരിൽ പലരും വിശ്രമിച്ചിരിക്കുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലല്ലാതെ വേണമെന്ന് അവരുടെ ആഗ്രഹം.

ശവകുടീരത്തിൽ ലാത്തിൻ ഭാഷയിൽ “Franciscus” എന്ന് മാത്രം എഴുതണമെന്ന്, മറ്റ് അലങ്കാരങ്ങൾ ഒഴിവാക്കണമെന്നും മരണം മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കാണ് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കാർഡിനാൾ കെവിൻ ഫെറെൽ നേതൃത്വം നൽകി.

മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിന് കാരണമെന്ന് അതിൽ വ്യക്തമാക്കുന്നു. ഇന്ന് വത്തിക്കാനിൽ കാർഡിനാൾമാരുടെ യോഗം ചേരുന്നുണ്ട്. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കും.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05-ന് മാർപ്പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം കഴിഞ്ഞ മാസം 23നാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയത്. 2013 മാർച്ച് 13-ന്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്ക സഭയുടെ 266-ാമത് മാർപ്പാപ്പ ആയിരുന്നു അദ്ദേഹം, കൂടാതെ ആദ്യലാറ്റിനമേരിക്കക്കാരനായിരുന്നു .

ജന്മനാമം ഹോർഗേ മരിയോ ബർഗോളിയോ ആയിരുന്ന അദ്ദേഹം മാർപ്പാപ്പയായപ്പോൾ ‘ഫ്രാൻസിസ്’ എന്ന പേരാണ് സ്വീകരിച്ചത് — കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ആ പേര് മാർപ്പാപ്പ പദവിക്ക് സ്വീകരിക്കപ്പെട്ടത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച്അദ്ദേഹം അതിഥിമന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസമാക്കിയിരുന്നത്. ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാവർക്കും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യുദ്ധങ്ങളെ നന്മ-തിന്മ ആയി തിരിച്ചറിയരുതെന്ന് വിശ്വസിച്ചു. സഭയുടെ മൂല്യങ്ങളും ആധുനിക ലോകത്തെ അതിന്റെ പ്രസക്തിയും അദ്ദേഹം ഉറച്ച നിലപാടിലൂടെ വിളിച്ചുപറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നിന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായി (നാഷണൽ ഹെറാൾഡ്) ബന്ധപ്പെട്ട് 661 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലുള്ള നാഷണൽ ഹെറാൾഡിന്റെ സ്ഥാവര സ്വത്തകളുമായി ബന്ധപ്പെട്ട്, ഈ മാസം 11ന് പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് നോട്ടീസ് അയച്ചതായി ഇഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎയുടെ സെക്ഷൻ 8, റൂൾ 5(1) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിൽ താമസിക്കുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയതോടൊപ്പം, ഭാവിയിൽ അടയ്ക്കേണ്ട വാടക തുക നേരിട്ട് ഇഡിയിൽ നിക്ഷേപിക്കാനും നിർദ്ദേശമുണ്ട്.

2014ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഇഡി 2021ൽ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയുടെ മുഖേന 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സ്വന്തമാക്കിയതായാണ് പരാതി.

ഇഡി നടത്തിയ അന്വേഷണത്തിൽ, യംഗ് ഇന്ത്യൻ വെറും 50 ലക്ഷം രൂപയ്ക്ക് എജെഎലിന്റെ വിറ്റു വിലയിൽ വളരെയധികം ഉയർന്ന സ്വത്തുക്കൾ ഏറ്റെടുത്തതായും, അതിന്റെ ആസ്തി മൂല്യം പ്രമേയപരമായി കുറച്ചുകാണിച്ചതായും കണ്ടെത്തിയതായി അറിയിച്ചു.

വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം: നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രതിയായ കൊക്കയിന്‍ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗൗരവമായ വീഴ്ചകള്‍ ഉണ്ടെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന്കോടതി കണ്ടെത്തി. പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന പൊലീസ് വാദം പട്രോളിംഗ് സംഘം തള്ളിപ്പറഞ്ഞതായും കോടതി പറഞ്ഞു.

പിടിച്ചെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ, പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്നില്ലാത്ത ഗസറ്റഡ് ഓഫീസറാണെന്നും, വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ കൊക്കയിന്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പരിശോധന നടത്തിയിട്ടില്ലെന്നും നിര്‍ദേശമുണ്ട്.

ഫ്ളാറ്റ് തുറന്നതാരെന്നും, ആദ്യം അകത്തേക്ക് കടന്നതാരെന്നും ചോദിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പിടിച്ചെടുത്തത് കൊക്കയിന്‍ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും, ഫൊറന്‍സിക് പരിശോധനയില്‍ ക്ലോറൈഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാനായില്ല. ഇത്തരം ഗുരുതരമായ അന്വേഷണ വീഴ്ചകളെ തുടര്‍ന്നാണ് 2024 ഫെബ്രുവരിയില്‍ കോടതി ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയത്.