Latest News (Page 37)

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വച്ച് ഡിസംബർ 26 വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരൻ, ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, കെപി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.കെ. മധുസൂദനൻ, എം. വിജിൻ, കെ.വി. സുമേഷ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രാരംഭ ശൈശവകാല സംരക്ഷണം നൽകുന്നതിനും അങ്കണവാടികളിൽ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല പരിമിതി അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്‌ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കിയത്.

തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ നിർവചിക്കുന്ന ദയയുടെയും കൂട്ടായ്മയുടെയും മൂല്യങ്ങൾ നമുക്ക് ഉയർത്തിപ്പിടിക്കാം. കഴിഞ്ഞദിവസം സംഘപരിവാർ അനുകൂലികൾ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ രംഗത്തെത്തിയത് നാം കണ്ടിരുന്നു. അവരുടെ വെല്ലുവിളി കേരളത്തിനെതിരെയാണ്. അത്തരം ശക്തികളെ കേരളം അകറ്റി നിർത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കതീതമായ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും സമയമാണ് ക്രിസ്തുമസ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങൾ ആഘോഷിക്കാൻ നമ്മെ ക്രിസ്തുമസ് പ്രചോദിപ്പിക്കുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോർ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്.

ഇതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ 193 എൻ.ക്യു.എ.എസ്. അംഗീകാരവും 83 പുനരംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 132 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനർപരിശോധനയുമുണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

തിരുവനന്തപുരം: ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓൺലൈൻ വിൽപ്പനയുടെയും മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി തർക്ക പരിഹാര സേവനങ്ങൾക്ക് ഓൺലൈൻ, വീഡിയോ കോൺഫറൻസിങ് മാർഗ്ഗങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂൾ – കോളേജ് തലത്തിൽ ആയിരം ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്തൃ ശാക്തീകരണത്തിലും ഉപഭോക്തൃ സംസ്‌കാരത്തിലും കേരളം ഏറെ മുന്നിലാണ്. തർക്കപരിഹാരം ബോധവൽക്കരണം നയരൂപീകരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഉപഭോക്തൃ ശാക്തീകരണത്തിനും സേവനങ്ങൾക്കുമായി സർക്കാർ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗുണഭോക്താക്കൾ തർക്കപരിഹാര കമ്മീഷൻ സേവനം നല്ല തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സമയബന്ധിതമായി തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാര നിരക്ക് അൻപത് ശതമാനത്തിൽ നിന്ന് നിലവിൽ 168 ശതമാനമായി വർധിച്ചിട്ടുണ്ട്. നമ്മുടെ കമ്മീഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തർക്ക പരിഹാരത്തിനുള്ള വേഗവും വർധനവും. കമ്മീഷനുകൾ പോലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ കൂടി തുടങ്ങിയപ്പോൾ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും പരിഹാരമുണ്ടാകുമെന്നുള്ള ഉറപ്പുമുണ്ടായെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ അഡ്വക്കേറ്റ് ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. വഴുതക്കാട് വാർഡ് കൗൺസിലർ അഡ്വ.രാഖി രവികുമാർ, തൈക്കാട് വാർഡ് കൗൺസിലർ മാധവദാസ് ജി, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി.ജയരാജൻ, കൺസ്യൂമർ കമ്മീഷൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എൻ.ജി.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന 5ലെയും 8ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മറിച്ച് പാഠ്യപദ്ധതി നിഷ്‌കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികൾ നേടാത്തവർക്കായി പ്രത്യേക പഠന പിന്തുണാ പരിപാടി സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ഈ ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തിൻറെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളെ തോല്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ വിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്. ഒരു വിഭാഗം വിദ്യാർത്ഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ പത്തേകാലോടെ ഒരു പാമ്പിനെ ജീവനക്കാർ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു. സെക്രട്ടറിയേറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. അതേസമയം, രണ്ട് ദിവസം മുമ്പ് ജലവിഭവ വകുപ്പ് ഓഫീസിന് സമീപം പാമ്പിനെ കണ്ടിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്‌സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞില്ല.

ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്.

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവ്വീസ് നടത്താൻ കൊച്ചി മെട്രോ. ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്താണ് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തുക.

പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും.

അതേസമയം, ഉത്സവ സീസണിനോടനുബന്ധിച്ചുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആർടിസി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് നടത്തും. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ’ ഡിസംബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പത്തിലധികം വലിയ പദ്ധതികൾ നടപ്പിലാക്കിയ സിയാൽ യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടലും ആരംഭിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

സിയാൽ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെയാണ് കണ്ടെത്തിയത്. ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് കേരളത്തിന്റെ മനോഹാരിത കാണാൻ സാധിക്കുന്നതുമായ 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെന്റർ എന്നീ സൗകര്യങ്ങൾ ഹോട്ടലിലുണ്ട്.

താജ് ഹോട്ടൽ ഉൾപ്പെടെയുള്ള 10 മെഗാ പദ്ധതികൾ കൂടാതെ 163 ചെറിയ പദ്ധതികളും സിയാൽ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്‌റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേതെന്ന് അദ്ദേഹം അറിയിച്ചു.

ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.
യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുര: സാധാരണക്കാർക്ക് അനുകൂലമായിട്ടാണ് ഉദ്യോഗസ്ഥർ ചട്ടങ്ങളും നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്ക് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അങ്ങനെ ഇല്ലാതെ വരുമ്പോഴാണു മന്ത്രിമാരുടെ സമയം പാഴാകുന്നത്. യഥാർത്ഥ സംവിധാനം കാര്യക്ഷമമാകുമ്പോൾ ആവശ്യമില്ലാത്ത പരാതികൾ കുറയുമെന്നും മന്ത്രി പറഞ്ഞു. പരാതികളുടെ എണ്ണത്തിൽ വന്ന കുറവ് സംവിധാനം കാര്യക്ഷമമായി മാറുന്നുണ്ട് എന്നതിന്റെ ഉദാഹരണമായി കാണാമെന്നും മന്ത്രി പറഞ്ഞു. ഇനിയും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അദാലത്തുകൾ ഓരോന്നും ഓരോ പാഠമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. അദാലത്ത് ഉദ്ഘാടന യോഗത്തിൽ ആധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടാക്കുമ്പോൾ അക്കാര്യത്തിൽ ഒരു ഇടപെടൽ നടത്താൻ ജനങ്ങൾക്കു കൂടി അവസരം ലഭിക്കുന്നു എന്നതു ജനാധിപത്യത്തിൽ ഏറ്റവും പ്രത്യേകതയാണ്. എന്റെ കാര്യം എന്തായി എന്നൊരു ഓഫീസിൽ പോയി തിരക്കുക അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു വർത്തമാനം പറയാനുള്ള അവസരം കിട്ടിയതിനപ്പുറത്തേക്ക് ഒരു ചർച്ചക്കു പരാതിക്കാരനു സാധാരണഗതിയിൽ അവസരം കിട്ടാറില്ല. നമ്മുടെ ഓഫീസുകളിൽ ഇത്തരം തുറന്ന സംഭാഷണം അവലംബിച്ചാൽ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കു വളരെ വേഗം പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അൻവർ സാദത്ത് എംഎൽഎ, ആലുവ മുനിസിപ്പൽ ചെയർമാൻ എം ഓ ജോൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സബ് കളക്ടർ കെ.മീര, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, റജീന, വി ഇ അബ്ബാസ്, തഹസിൽദാർമാരായ ഡിക്‌സി ഫ്രാൻസിസ് , ജയേഷ് വി വി തുടങ്ങിയവർ പങ്കെടുത്തു.