Latest News (Page 36)

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്. വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ എംടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു.

തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.

അതേസമയം, സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് എംടിയ്ക്ക് അനുശോചനം അറിയിക്കുന്നത്. നടൻ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് മോഹൻലാൽ പറഞ്ഞു. ആർത്തിയോടെ താൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ തന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ. എംടി സാർ തനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ.

വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി തനിക്ക് കിട്ടാനുണ്ടോ. മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കുകയെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടിയെന്നും വി ഡി സതീശൻ പറയുന്നു.

തിരുവനന്തപുരം: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ട്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. തന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും താനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തനിക്ക് തോന്നിയെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം, താലൂക്ക്തല അദാലത്ത് ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

അതേസമയം, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്. എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു.

ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം തുടങ്ങിയ എഴുത്തിന്റെ വിവിധ രൂപങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എംടി. പത്രാധിപർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജ്ഞാനപീഠം ജേതാവ് കൂടിയാണ് അദ്ദേഹം. എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണ അദ്ദേഹത്തെ തേടിയെത്തി. മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യപ്രതിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്. കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽ നിന്നും 4.12 കോടി രൂപ വെർച്ചൽ അറസ്റ്റിലൂടെ തട്ടിയെടുത്ത കേസിലാണ് ബംഗാൾ സ്വദേശി ലിങ്കൺ ബിശ്വാസ് എന്ന മുഖ്യപ്രതിയെ ബംഗ്ലാദേഷ് അതിർത്തി ഗ്രാമമായ കൃഷ്ണഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ കെ പി മിഷാബ് എന്നിവരടക്കം 15 പേരെ നവംബർ മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി പോലീസ് ചമഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് പ്രതികൾ വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. വീട്ടമ്മയെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി അക്കൗണ്ടിലെ തുക കൈക്കലാക്കിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ വീട്ടമ്മ ഒക്ടോബർ 22ന് തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ ഫോൺ നമ്പറിലേക്ക് വന്ന ടെലഫോൺ കോളുകളും വാട്‌സ് ആപ്പ് കോളുകളും ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. പ്രതി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തി അടുത്തകാലത്ത് ധാരാളം പണം സമ്പാദിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളും പ്രതി 22ാം തീയ്യതി നിക്ഷേപിച്ച പണവും പ്രതിയുടെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലായി സമീപകാലത്ത് നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഉൾപ്പെടെ 75 ലക്ഷം രൂപയും സൈബർ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. പ്രതിയെ കേരളത്തിലെത്തിച്ച് കാക്കനാട് കോടതിയിൽ ഹാജരാക്കി.

നാനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കൈവശം വച്ച് രാജ്യമെമ്പാടും ശൃംഖലയുണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്ന ഇയാൾക്ക് രാജസ്ഥാൻ, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം സഹായികൾ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ ലിങ്കൻ ബിശ്വാസിന് ചൈന, കമ്പോഡിയ എന്നീ രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും അവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും തെളിവുകൾ ലഭിച്ചു. ഇയാളുടെ തട്ടിപ്പിന് രാജ്യത്തെ പലയിടത്തുനിന്നും പരാതികൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കുപിന്നിലാരാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പണം പിൻവലിക്കുന്ന സ്ഥലങ്ങളിലെ ഫോൺവിളി വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലദിത്യയുടെ മേൽനോട്ടത്തിൽ സൈബർ എസിപി എം. കെ മുരളിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ആർ. സന്തോഷ്, എസ്.ഐ ശ്യാംകുമാർ, എസ്.സിപിഓമാരായ ആർ അരുൺ, അജിത് കുമാർ, നിഖിൽ ജോർജ് അരുൺ ആർ, സിപിഓമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്‌റൂസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ ബംഗാളിൽ നിന്നും പിടികൂടിയത്.

തിരുവനന്തപുരം: ക്രിസ്തുമസ് പുലരിയിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ച 3 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് പേരിട്ടു, സ്നിഗ്ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2,400ലധികം പേർ, മാധ്യമ പ്രവർത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ പേരുകൾ നിർദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അർത്ഥ ഗംഭീരമായിരുന്നു. ഇതിൽ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകൾ… അതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താൻ തീരുമാനിച്ചത്.

ശിശുക്ഷേമ സമിതിയിൽ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്. മന്ത്രി വീണാ ജോർജ് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ. ജി.എൽ. അരുൺഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിർദേശിച്ച മറ്റ് പേരുകൾ ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങൾക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. കുഞ്ഞുങ്ങളുടെ കരുതലിനും സംരക്ഷണത്തിനും സ്നേഹത്തിനും ശിശുക്ഷേമ സമിതിയെ മന്ത്രി അഭിനന്ദിച്ചു. പേരുകൾ നിർദേശിച്ച എല്ലാവർക്കും നന്ദി മന്ത്രി അറിയിച്ചു.

ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത് എത്തി. ഡൽഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.

കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു.

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തൽ. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറംതള്ളിയ കാർബൺ മോണോക്‌സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. 4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂരിലെത്തുന്നത്.

പത്തനംതിട്ട: കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. പത്തനംതിട്ട തിരുവല്ല കുമ്പനാട്ടാണ് സംഭവം. സ്ത്രീകളെ അടക്കമാണ് ആക്രമിച്ചത്. സംഭവത്തിൽ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.

സംഭവത്തിൽ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നായിരുന്നു കരോൾ സംഘത്തിന്റെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഭയാനകമായ ആക്രമമാണ് നടന്നതെന്നും സ്ത്രീകൾ അടക്കമുള്ള കരോൾ സംഘവും പറയുന്നു. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതൊന്ന് കോയിപ്രം പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. നിലവിൽ അദ്ദേഹം ബിഹാർ ഗവർണറാണ്. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണറാകും. നേരത്തെ, ഗോവ മന്ത്രിസഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ.

ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

2019 സെപ്റ്റംബർ ആറിനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 5 വർഷവും 104 ദിവസവും കേരളാ ഗവർണറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ബിഹാറിലേക്കുള്ള ചുമതലമാറ്റം.