Latest News (Page 15)

മലയാള സിനിമാ നിർമ്മാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് തങ്ങളൊരുവിധ പിന്തുണയും നൽകില്ലെന്ന് ‘അമ്മ’ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനിച്ചു. സിനിമാ വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ചിലരുടെ പിടിവാശി മൂലം അനാവശ്യമായി സമരത്തിലേക്ക് മലയാള സിനിമയെ തള്ളിയിടുന്നത് തൊഴിലാളികൾക്കും വ്യവസായത്തിനും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് യോഗം.

അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടത് ‘അമ്മ’യുടെ ജനറൽ ബോഡിയാണെന്നും യോഗത്തിൽ തീരുമാനമായി. മലയാള സിനിമയുടെ വികസനത്തിനായി ചലച്ചിത്ര മേഖലയിലെ മറ്റ് സംഘടനകളുമായി സമവായം പുലർത്താൻ ‘അമ്മ’ എപ്പോഴും തയ്യാറാണെന്നും യോഗം വ്യക്തമാക്കി.

ദില്ലി: ശശി തരൂരിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വ മോഹം സഫലമാകില്ലെന്ന് ഹൈക്കമാൻഡ് . സംസ്ഥാന നേതൃത്വത്തോടൊപ്പം സഹകരിച്ച് തദ്ദേശവും നിയമസഭാ തെരഞ്ഞെടുപ്പുകളും നേരിടാനാണ് പാർട്ടി തീരുമാനം. കൂടാതെ, തരൂരിനെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാറില്ല, ഈ നയത്തിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് ആവർത്തിച്ചു. അതിനാൽ തരൂരിന്റെ മോഹം യാഥാർത്ഥ്യമാകാൻ സാധ്യതയില്ല. പാർട്ടി ഐക്യത്തോടെ തെരഞ്ഞെടുപ്പ് നേരിടും.

തരൂരിന്റെ അഭിമുഖ പ്രസ്താവനകളെ തള്ളിക്കളയാനാണ് പാർട്ടി തീരുമാനം. ഇതു സംബന്ധിച്ച് പാർട്ടിയുടെ നിലപാട് ഉറപ്പിച്ചു മുന്നോട്ട് പോകാനാണ് ഉന്നത നേതൃത്വത്തിന്റെ സമീപനം.

തരൂരിന്റെ പ്രസ്താവനയെ സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുന്‍ ഖർഗെയുടെയും അഭിപ്രായം കെ സി വേണുഗോപാൽ തേടിയിരുന്നു. വിവാദത്തിന് പ്രതികരിക്കേണ്ടതില്ലെന്ന നിർദ്ദേശം ദേശീയ തലത്തിലെ വക്താക്കൾക്കും നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരെ ബോധവത്കരണവും പ്രതിരോധ നടപടികളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി 10 പ്രമുഖ വ്യക്തികളെ നാമനിർദേശം ചെയ്തു. പ്രശസ്ത നടൻ മോഹൻലാൽ, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര തുടങ്ങിയവർ ഈ മാതൃകാ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.

ഭക്ഷണത്തിൽ അളവുകുറഞ്ഞ എണ്ണ ഉപയോഗിക്കണമെന്ന് പ്രോത്സാഹിപ്പിക്കുകയും, അമിതവണ്ണം കുറയ്ക്കാൻ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

നാമനിർദേശിക്കപ്പെട്ട മറ്റു പ്രമുഖരിൽ ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരും ഉൾപ്പെടുന്നു.

പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടിയിലൂടെ ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചിരുന്നു. ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം വേദിയിൽ അമിതവണ്ണം ദേശീയ തലത്തിൽ വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിയായി, കുട്ടികളിൽ ഇത് നാലിരട്ടിയായി വർദ്ധിച്ചതായി പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

നാമനിർദേശിക്കപ്പെട്ടവർ പ്രത്യേക ബോധവത്കരണ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ മാറ്റം സൃഷ്ടിക്കേണ്ടതുണ്ടെന്നും, ഓരോരുത്തരും മറ്റു 10 പേരെ ഈ പദ്ധതിയിലേക്ക് പരിചയപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

കോട്ടയം: ടെലിവിഷൻ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പി. സി. ജോർജ് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പി. സി ജോർജ് കീഴടങ്ങിയത് .

ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു ജോർജിന്റെ കോടതി പ്രവേശനം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും കൂടെയുണ്ടായിരുന്നു. നിയമത്തിന് കീഴടങ്ങാനാണ് താൻ കോടതിയിൽ ഹാജരായതെന്നാണ് പി. സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. ജോർജിന്റെ വീട്ടിലെത്തിയെങ്കിലും നോട്ടീസ് നൽകാനായില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റിന് മുൻപ് തന്നെ ജോർജ് കീഴടങ്ങുകയായിരുന്നു.

ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിനെ തുടർന്ന് ജനുവരി 6-ന് നടന്ന ചാനൽ ചര്‍ച്ചയിലെ പരാമർശങ്ങളെ ആസ്പദമാക്കി പൊലീസ് കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഡൽഹി: യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ട്രംപിന്റെ പ്രസ്താവന പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യഥാർത്ഥ വസ്തുതകൾ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്എഐഡി ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ 21 മില്യൺ ഡോളർ നീക്കിവെച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയിൽ ഉയർന്ന തോതിൽ നികുതി ഈടാക്കുന്നതിനാൽ യുഎസ്എഐഡി ഫണ്ടിങ് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതും വലിയ ചർച്ചയ്ക്കിടയാക്കി.

ട്രംപിന്റെ പരാമർശങ്ങൾ ഗൗരവതരമായവയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ഉണ്ടാകുന്നുവോ എന്നതിൽ സംശയമുയരുന്ന സാഹചര്യമാണിത്. ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഏജൻസികൾ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ട്രംപിന്റെ വെളിപ്പെടുത്തലുകൾ രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ ഇടപെടൽ ഉണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഇരുപക്ഷത്തുനിന്നുമുള്ള ആവശ്യം.

ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (KMRL) പഠനത്തിന്റെ ചുമതല നൽകിയത്.

നിലവിലുള്ള ജലഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനം ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗലാപുരം , ഗാന്ധിനഗർ-അഹമ്മദാബാദ് , ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഫെറി സർവീസിനായാണ് സാധ്യതാ പഠനം.

ജലഗതാഗത സംവിധാനത്തിലൂടെ സമീപ മുനിസിപ്പാലിറ്റികളും പഞ്ചായത്ത് പ്രദേശങ്ങളും ദ്വീപുകളും ബന്ധിപ്പിച്ച് ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. മാലിന്യമില്ലാത്ത ഇലക്ട്രിക് ഫെറികൾ, ആധുനിക ടെർമിനലുകൾ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും. ഹരിത ജലഗതാഗത നയത്തിന് അനുസൃതമായി ഇലക്ട്രിക് കറ്റമരനുകൾ വാങ്ങുന്നതടക്കമുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. വാരണാസിയും അയോധ്യയും ഉൾപ്പെടെ ചില നഗരങ്ങളിൽ ഇലക്ട്രിക് കറ്റമര ഫെറികൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു, അതേസമയം ഗുവാഹത്തി, മഥുര എന്നിവിടങ്ങളിൽ കൂടുതൽ ഫെറികൾ ഉടൻ എത്തും.

നഗര ജലഗതാഗതം മെച്ചപ്പെടുത്തിയും വാട്ടർ മെട്രോ പദ്ധതികൾ വിപുലീകരിച്ചുമാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നത്.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമാണെന്ന് വത്തിക്കാന്റെ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലത്തേതിനെക്കാൾ സ്ഥിതി വഷളായതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്, അധിക ഓക്സിജൻ നൽകേണ്ടി വന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അണുബാധ മൂലമുണ്ടായ വിളർച്ചയുടെ ഭാഗമായി പ്ലേറ്റ്‌ലെറ്റ് എണ്ണ കുറയുന്നതായും, ഇത് തുടർ നിരീക്ഷണത്തിന്റെയും പ്രത്യേക ചികിത്സയുടെയും ആവശ്യകത ഉയർത്തുന്നതായും വത്തിക്കാൻ വിശദീകരിച്ചു.

മുൻപത്തെ റിപ്പോർട്ടുകൾ പ്രകാരം, മാർപാപ്പയ്ക്ക് രണ്ട് ശ്വാസകോശങ്ങളിലും ഗുരുതരമായ ന്യുമോണിയ ബാധയുണ്ടായിരുന്നു. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്നും അണുബാധയിൽ നേരിയ കുറവ് വന്നെങ്കിലും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.

ന്യൂഡൽഹി: കോൺഗ്രസ് അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, ശക്തമായ പ്രതികരണവുമായി ശശി തരൂർ എംപി. “പാർട്ടിക്ക് എന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ, മുന്നോട്ട് പോകാൻ എനിക്ക് മറ്റ് വഴികളുണ്ട്” എന്ന് അദ്ദേഹം തുറന്നടിച്ചു.

ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഈ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ കോൺഗ്രസ് നേതൃപ്രതിസന്ധിയിലാണെന്നും, അതിന് പരിഹാരം കാണാതിരുന്നാൽ പാർട്ടി മൂന്നാമതും സംസ്ഥാനത്ത് തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഘടകകക്ഷികൾ അതൃപ്തരാണെന്നും, ഇതിന് ദേശീയ തലത്തിലും പ്രത്യാഘാതമുണ്ടാകുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

“ജനം വോട്ട് ചെയ്ത് വിജയിപ്പിച്ച നേതാവാണ് ഞാൻ. നാലുതവണ വിജയിച്ച തനിക്ക് പാർട്ടിക്കു പുറത്തുമുള്ള വോട്ടുകളും ലഭിച്ചിട്ടുണ്ട്. നിരവധി സ്വതന്ത്ര ഏജൻസികൾ നടത്തിയ സർവേകളിൽ ഞാൻ നേതൃസ്ഥാനത്തിന് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും, പാർട്ടിക്ക് എന്റെ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും” അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുടെ അഭ്യർത്ഥനയിലൂടെയാണ് താൻ കോൺഗ്രസിലെത്തിയതെന്നും, തരൂർ വ്യക്തമാക്കി.

കൊച്ചി: കേരളത്തിലെ റോഡ് വികസനത്തടക്കം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുക്കാൻ കേന്ദ്ര സർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും ഗഡ്കരി വ്യക്തമാക്കി. 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 പുതിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രമുഖ റോഡ് വികസന പദ്ധതികൾ:

  • കോഴിക്കോട്-പാലക്കാട് ദേശീയപാത (NH 966): 120 കിലോമീറ്റർ ദൈർഘ്യം, 10,814 കോടി രൂപ ചെലവ്. മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കും.
  • എറണാകുളം ബൈപ്പാസ് (NH 544): അങ്കമാലി മുതൽ കുണ്ടന്നൂർ വരെ ആറുവരിയാക്കൽ, 45 കിലോമീറ്റർ, 6,500 കോടി രൂപ ചെലവ്. ആറുമാസത്തിനകം പ്രവർത്തനം ആരംഭിക്കും.
  • തിരുവനന്തപുരത്ത് ഔട്ടർ റിങ് റോഡ്: 62.7 കിലോമീറ്റർ ദൈർഘ്യം, 5,000 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
  • കൊല്ലം-തമിഴ്നാട് റോഡ് പദ്ധതി: 38.6 കിലോമീറ്റർ ദൂരം, 300 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും.

കേരളത്തിന്റെ ടൂറിസം രംഗം വികസിപ്പിക്കുന്നതിന് മികച്ച ഗതാഗത സൗകര്യങ്ങൾ ആവശ്യമാണെന്നും, ഇതിന് ആവശ്യമായ പാത വികസന പദ്ധതികൾ സർക്കാർ വേഗത്തിൽ നടപ്പിലാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആർട്സൺ ഗ്രൂപ്പ് കൊച്ചിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മലബാർ സിമന്റ്സുമായി സംയുക്ത സംരംഭത്തിനായി താത്പര്യപത്രം (MoU) ഒപ്പുവെച്ചു.

കേരളത്തിലെ നിക്ഷേപ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഗ്ലോബൽ ഇൻവസ്റ്റേഴ്സ് സമ്മിറ്റിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് ഉണർവേകുന്ന സമ്മിറ്റിൽ നിരവധി പ്രമുഖ നിക്ഷേപ വാഗ്ദാനങ്ങൾ ഉയർന്നുവരുന്നു.

ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്ന് അറിയിച്ചപ്പോൾ, അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് മാത്രം 20,000 കോടിയുടെ അധിക നിക്ഷേപം, 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്, തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 5000 കോടി രൂപയുടെ പദ്ധതികൾ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനങ്ങൾ.

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടി രൂപ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടി രൂപ എന്നിവയുടെ നിക്ഷേപ താൽപര്യവും സമ്മിറ്റിൽ മുന്നോട്ട് വന്നു. ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ട് , ഇതിൽ ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ മേഖലയും പ്രധാനമാണ്.