Latest News (Page 11)

കർണാടകത്തിലെ എല്ലാ തീയറ്ററുകളിലും, മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ, സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 ആക്കി കുറച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സർക്കാരിന്റെ 16-ാം ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന നിർദേശങ്ങളിലൊന്നാണ് ഈ തീരുമാനം.

കന്നഡ സിനിമാ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ കന്നഡ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് രക്ഷിത് ഷെട്ടിയും ഋഷഭ് ഷെട്ടിയും പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. “ഏകം” എന്ന വെബ് സീരീസ് റിലീസ് ചെയ്യാനാകാത്ത സാഹചര്യത്തിൽ, രക്ഷിത് ഷെട്ടിയുടെ പരംവാഹ് സ്റ്റുഡിയോ 2024 ജൂലൈയിൽ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.

കന്നഡ സിനിമകളുടെ സംഭരണത്തിനായി സർക്കാർ 3 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ശേഖരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. ഡിജിറ്റൽ, ഡിജിറ്റൽ ഇതര ഫോർമാറ്റുകളിൽ സിനിമകൾ ആർക്കൈവിൽ സൂക്ഷിക്കും.

സിനിമാ മേഖലയെ വ്യവസായമായി അംഗീകരിക്കാൻ സർക്കാരിന്റെ തീരുമാനം. വ്യാവസായിക നയത്തിന് കീഴിൽ മറ്റ് മേഖലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനി സിനിമാ മേഖലക്കും ലഭിക്കും. കൂടാതെ, കർണാടക ഫിലിം അക്കാദമിയുടെ 2.5 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മൾട്ടിപ്ലക്സ് സമുച്ചയം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുജറാത്ത്: രാജ്യ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ സുരക്ഷാ ചുമതൽ മുഴുവനും വനിതാ പൊലിസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. മാർച്ച് 8-ന് ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയുടെ സുരക്ഷ ഗുജറാത്ത് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ഏറ്റെടുക്കും.

ഇതിനായി 2,145 വനിതാ കോൺസ്റ്റബിൾമാരും, 187 വനിതാ സബ്-ഇൻസ്പെക്ടർമാരും, 61 വനിതാ ഇൻസ്പെക്ടർമാരും, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാരും, 5 വനിതാ എസ്.പിമാരും, ഒരു വനിതാ ഐജിയും എഡിജിപിയും ഉൾപ്പെടുന്ന ടീം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനാണ് ഇതിന് നേതൃത്വം നൽകുന്നത്.

150,000-ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ‘ലാഖ്പതി ദീദി’ പദ്ധതിയുമായി ബന്ധപ്പെട്ട വനിതകളുമായി സംവദിക്കുകയും, അഞ്ച് പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയും ആദരിക്കുകയും ചെയ്യും. 2023 ഓഗസ്റ്റ് 15-ന് മോദി സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി ഗ്രാമീണ മേഖലയിലെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്.

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന്റെ ജി-സഫാൽ (ഗുജറാത്ത് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള പദ്ധതി) പദ്ധതിയും ജി-മൈത്രി (ഗ്രാമീണ വരുമാന വികസനത്തിനായുള്ള പദ്ധതി) പദ്ധതിയും ഉദ്ഘാടനം ചെയ്യും.

മലപ്പുറം നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

നിലമ്പൂർ സി.എച്ച് നഗറിലെ 80 – കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മർദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്‌സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിധവയായ ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ പുറത്തുപോകുമ്പോൾ അമ്മയെ നോക്കാൻ വേണ്ടി അയൽവാസി ഷാജിയെ ഏൽപ്പിച്ചതായിരുന്നു. ഇന്ദ്രാണിയെ മർദ്ദിക്കുമ്പോൾ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിൽ എടുക്കുകയും മർദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭയമില്ലാതെ സുരക്ഷിതത്വ ബോധത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം വയോജനങ്ങൾക്കുണ്ട്. മുതിർന്നവർക്കെതിരെയുള്ള അനീതിയും കടന്നുകയറ്റവും ഒരുതരത്തിലും അനുവദിക്കില്ലെന്നും അവരെ ഉപദ്രവിക്കുന്നവർക്കെതിരെ നിയമപരമായ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് വയോജനസുരക്ഷക്കായി നൽകിവരുന്ന മുഴുവൻ സേവനവും ഇന്ദ്രാണിക്ക് ഉറപ്പുവരുത്തുമെന്നും സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച് 2007 ലെ മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികൾ മെയിന്റനൻസ് ട്രൈബ്യൂണൽ വഴി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: എസ്‌ഡിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. സംഘടനയുടെ ദേശീയ ആസ്ഥാനം ഉൾപ്പെടെ കേരളത്തിലെ തിരുവനന്തപുരം, മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലും പരിശോധന നടന്നു.

എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്‌ഡ് നടന്നത്. ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിയന്ത്രിച്ചിരുന്നുവെന്ന് ഇഡിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി ഗൾഫിൽ നിന്നുള്ള പണമിടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായും ഇഡി ആരോപിക്കുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐക്ക് നൽകിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ, രഹസ്യ ഗൂഢാലോചനകൾ, തിരഞ്ഞെടുപ്പ് ഫണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ പരിശോധന തുടരുമെന്ന് ഇഡി അറിയിച്ചു.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. ജയ്‌ശങ്കറിന്റെ വാഹനം തടയാൻ ശ്രമിക്കുകയും ഇന്ത്യൻ പതാക കീറിക്കൊണ്ടു നീക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഛതം ഹൗസിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. വേദിക്ക് പുറത്തു ഖലിസ്ഥാനി അനുകൂലികൾ പ്രതിഷേധം നടത്തിയിരുന്നു.

ഇന്ത്യൻ സർക്കാർ സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിക്കാൻ ബ്രിട്ടനോട് തീരുമാനം എടുത്തിട്ടുണ്ട്. ജയ്‌ശങ്കറിന്റെ സന്ദർശനം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നിവയിൽ ചർച്ചകൾ മുന്നോട്ട് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയിൽ  ഊർജം നൽകി തൊഴിൽ മേഖലയെ കരുത്തുറ്റതാക്കാൻ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ  നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നു. തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വർക്കിലൂടെയാണ് ഉൽപ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്.

തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും രോഗാവസ്ഥകൾ തിരിച്ചറിയുന്നതിനുമായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരംഭിച്ച മൊബൈൽ മെഡിക്കൽ എക്‌സാമിനേഷൻ യൂണിറ്റ് മികച്ച സംരഭമാണ്.

ആംബുലൻസിൽ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് തൊഴിലിടങ്ങളിലെത്തി പരിശോധന നടത്തുന്നു എന്നതിനാൽ പ്രാഥമിക ചികിൽസ പരിശോധകൾക്കായി തൊഴിലാളിയുടെ തൊഴിൽ ദിനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. രോഗനിർണയം സാധ്യമാക്കി ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി തൊഴിലാളി സൗഹൃദമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതത്വ അവാർഡ്, ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, ‘സുരക്ഷാജാലകം’ മാഗസിന്റെ  അഞ്ചാം പതിപ്പിന്റെ പ്രകാശനം, മൊബൈൽ മെഡിക്കൽ എക്സാമിനേഷൻ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

തിയേറ്ററിൽ വൻ വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷൻ പ്രദർശനത്തിനായി സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പ്രദർശനാനുമതി നിഷേധിച്ചത്.

ലോവർ കാറ്റഗറിയിലേക്ക് (U അല്ലെങ്കിൽ U/A) മാറ്റുന്നതിനുള്ള നിർദേശം റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബോർഡ് നിരസിച്ചു. ചിത്രത്തിൽ വയലൻസ് ഉള്ളതിനാൽ കാറ്റഗറി മാറ്റം സാധ്യമല്ലെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ ദൃശ്യങ്ങൾ ഒഴിവാക്കിയാൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാനാകുമെന്നാണു ബോർഡിന്റെ തീരുമാനം.

മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ വൻ വിജയങ്ങളിലൊന്നായ മാർക്കോ, ബോക്സോഫീസിൽ വലിയ വരുമാനമുണ്ടാക്കി. മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്നറിയപ്പെട്ട ചിത്രം, ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തിയതായിരുന്നു. മലയാളികൾ മാത്രമല്ല, മറ്റു ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. ഹിന്ദി പതിപ്പ് മികച്ച കളക്ഷനെടുത്തതോടൊപ്പം തെലുങ്ക് പതിപ്പും ശ്രദ്ധിക്കപ്പെട്ടു. ഒടിടിയിലും ചിത്രം ഏറെ പ്രേക്ഷകരെ കാവരിച്ചിരുന്നു. 100 കോടി ക്ലബിൽ ഇടം നേടിയ ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി.

അതേസമയം, കേരളത്തിൽ യുവാക്കൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വളർച്ചയും സിനിമകളുടെ സ്വാധീനവുമുള്ള ചര്‍ച്ചകളിൽ ‘മാർക്കോ’ ഉൾപ്പെട്ടിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വിമർശിച്ചവരും ഉണ്ടായിരുന്നു. തിയേറ്റർ പ്രദർശന സമയത്തും ചില ദൃശ്യങ്ങളുടെകുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രഫിക്കൽ പരിശോധനകളും ഫീൽസ് വിസിറ്റും മണ്ണ് പരിശോധനയും പൂർത്തിയായി.  ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളിൽ പരാതി നൽകാനുള്ള അവസരം മാർച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവിൽ 7 സെന്റ് ഭൂമി നൽകാനാണ് തീരുമാനം. ഇതിനനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തും. ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും.

പുഞ്ചിരിമട്ടം ഭൂമി സർക്കാർ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിർമിക്കും. ബെയ്‌ലി പാലത്തിന് പകരമായി രണ്ട് പാറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെസ്‌ക്യു പോയിന്റായാണ് പുതിയ പാലം നിർമിക്കുക. ദുരന്തബാധിതർക്ക് മുന്നൂറ്  രൂപവീതം നൽകി വരുന്ന സഹായം 9 മാസത്തേക്കുകൂടി നീട്ടി നൽകാൻ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനുപകരമായി സപ്ലൈകോയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാർഡ് നൽകും. ടൗൺഷിപ്പ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നൽകും. ഇതിനായി ഉടനെ തന്നെ ഉന്നതതലയോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളും.

ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുറന്ന ചർച്ചകൾക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

ലാഹോർ: പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. വധിക്കപ്പെട്ടവരിൽ ആറ് പേർ ഭീകരരാണെന്ന് സൈന്യം സ്ഥിരീകരിച്ചു. സ്‌ഫോടക വസ്തുക്കളുമായി എത്തിയ വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നതോടെ നിരവധി പേർക്ക് അപകടം സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.