National (Page 7)

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 8നാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.ഒറ്റ ഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. 2020ല്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബിജെപിയ്ക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പുതുക്കിയ യുജിസി കരട് വ്യവസ്ഥകള്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതുക്കിയ ചട്ടത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുന്നത് ചാന്‍സലര്‍ (സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍) ആയിരിക്കുമെന്നും കരടില്‍ പറയുന്നു.

ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും കരടില്‍ മുന്നറിയിപ്പ് നല്‍കി. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഇതുവരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം പുറത്തുവരുന്നത്.

കുംഭമേള നടക്കുന്നത് പ്രയാഗ് രാജിലെ വഖഫ് ഭൂമിയിലാണെന്ന മുസ്ലീം പുരോഹിതന്റെ വാദം വിവാദത്തിൽ . ഇതിനെതിരെ രൂക്ഷമായി പ്രതികരണവുമായി ഹിന്ദു സന്യാസിമാർ രംഗത്തെത്തി. ഹിന്ദുക്കളും മുസ്ലീങ്ങളെപോലെ ഹൃദയവിശാലത കാണിക്കണമെന്നും മുസ്ലീങ്ങളെ മേളയിൽ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സമുദായം ഈ ഭൂമി ഹിന്ദുക്കൾക്ക് സൗജന്യമായി നൽകിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്ന വീഡിയോ സന്ദേശമാണ് വിവാദമായത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ മഹാ കുംഭ മേള 2025 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. ഫെബ്രുവരി 26ന് മഹാ ശിവരാത്രി ദിനത്തിലാണ് ഒന്നരമാസത്തോളം നീളുന്ന കുംഭമേള അവസാനിക്കുക.

ഓരോ 12 വര്‍ഷവും കൂടുമ്പോഴാണ് മഹാ കുംഭ മേള സംഘടിപ്പിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് കുംഭ മേള ആഘോഷിക്കുന്നത്. അവസാന കുംഭ മേള 2013ലാണ് നടന്നത്. ഏകദേശം പത്ത് കോടിയോളം പേരാണ് അന്ന് കുംഭമേളയില്‍ പങ്കെടുത്തത്. ഈ വര്‍ഷം 40 കോടി ഭക്തര്‍ മഹാ കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി: ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എ‌ച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു.

എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: യുഎസില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആള്‍ക്കൂട്ടത്തിലേക്ക്‌ ട്രക്ക് ഇടിച്ചുകയറ്റിയതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആക്രമണത്തെ അപലപിച്ചത്.

ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണെന്നും ആക്രമണത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെയെന്നും അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

ശ്രീനഗർ: ഭീകരർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവുമായി സുരക്ഷാ സേന. ജമ്മുകശ്മീരിൽ ഈ വർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചുവെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണ്. അതേസമയം, പ്രദേശത്ത് നിന്നും നാല് യുവാക്കൾ മാത്രമാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് പാക് പിന്തുണയുള്ള ഭീകരർ ആണെന്നും സേന അറിയിച്ചു.

ഓരോ അഞ്ച് ദിവസം കൂടുമ്പോഴും സുരക്ഷാസേന ഒരു ഭീകരനെ വധിക്കുന്നുണ്ട്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിച്ച 17 ഭീകരരെ വധിച്ചു. 26 ഭീകരരാണ് സൈന്യവുമായി ഉൾപ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ അഞ്ച് ജില്ലകളിലുമായി 42 ഭീകരരെ സേന വധിച്ചു. കശ്മീർ താഴ്വരയിൽ ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുൽഗാം ജില്ലകളിൽ വിദേശ ഭീകരരും കൊല്ലപ്പെട്ടുവെന്നും സുരക്ഷാ സേന കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളിലാണ് വിദേശ ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ ഭീകരർ വധിക്കപ്പെട്ടത് ബാരാമുള്ള ജില്ലയിലാണ്. 9 ഏറ്റുമുട്ടലുകളിലായി 14 ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഉറി സെക്ടറിലെ സബൂര നല ഏരിയ, മെയിൻ ഉറി സെക്ടർ, നിയന്ത്രണ രേഖയോട് ചേർന്നുള്ള കമൽകോട്ട് ഉറി, ഉൾപ്രദേശങ്ങളായ ചക് താപ്പർ ക്രിരി, നൗപോറ, ഹാദിപോറ, സാഗിപോറ, വാട്ടർഗാം, രാജ്പോർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുകൾ നടന്നത്.

ഷിംല: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. കുളുവിലെ സ്‌കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. ആയിരത്തോളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് കുളു പോലീസ് വ്യക്തമാക്കി.

കനത്ത മഞ്ഞുവീഴ്ചയും ശീതതരംഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതേത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന് താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്ത വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചത്.

ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങൾക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുക.

മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പ് നേടി ഇന്ത്യ. 2023ൽ ഇന്ത്യയിലെത്തിയത് 1.88 കോടി വിദേശ വിനോദ സഞ്ചാരികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ ഇന്ത്യ സന്ദർശിക്കാനെത്തിയത് 2022നേക്കാൾ മൂന്നിരട്ടി (305.4 ശതമാനം) അന്താരാഷ്ട്ര സഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. ടൂറിസത്തിലൂടെ ഇന്ത്യക്ക് ലഭിച്ച വിദേശനാണ്യ വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2019ൽ 10.93 ദശലക്ഷം പേരായിരുന്നു ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയത്. കോവിഡിന് ശേഷം ഇത് വല്ലാതെ ഇടിഞ്ഞെങ്കിലും 2023ൽ 9.23 ദശലക്ഷം പേർ എന്നതിലേക്ക് നിരക്ക് ഉയർന്നു. അതിനാൽ 2024ലെ കണക്കുകൾ പുറത്തുവരുമ്പോൾ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവിഡിന് മുൻപുള്ള കണക്കിനെ 2024 മറികടക്കുമെന്നാണ് വിലയിരുത്തൽ. 2025 ജനുവരിയിൽ ഈ വർഷത്തെ കണക്ക് വന്നേക്കും.

ഈ വർഷം നിരവധി പദ്ധതികൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ 5287.90 കോടി രൂപയുടെ 76 പദ്ധതികൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. അതിൽ 75 പദ്ധതികൾ പൂർത്തിയായി. ടൂറിസം ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 3,295.76 കോടി രൂപയുടെ 40 പദ്ധതികൾക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു.