National (Page 23)

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കോടതി കണക്കിലെടുത്തിരുന്നു.

സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും കോടതിയിൽ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയിൽ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

പുരസ്‌കാരം 2024 ഒക്ടോബർ 8-ന് സംഘടിപ്പിക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ മിഖുൻ ചക്രവർത്തിയ്ക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. മുൻ രാജ്യസഭാംഗം കൂടിയായ മിഖുൻ ചക്രവർത്തിയ്ക്ക് ഈ വർഷം പത്മഭൂഷൻ ബഹുമതിയും ലഭിച്ചിരുന്നു.

1950ൽ കൊൽക്കത്തിയിലാണ് മിഥുൻ ചക്രവർത്തിയുടെ ജനനം. 1976-ൽ മൃഗായ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൂടി അദ്ദേഹം നേടിയിട്ടുണ്ട്.

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ മലയാളിയ്ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ ആണ് മരണപ്പെട്ടത്. 34 വയസായിരുന്നു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു.

നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്‌മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയിൽ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയർലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ട അമലിന്റെ പിന്നീട് ആരോഗ്യസ്ഥിതി മോശമായി മരണപ്പെടുകയായിരുന്നു.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

മേഖലയിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടരുകയാണെന്ന് കരസേന അറിയിച്ചു. കരസേനയ്ക്ക് പുറമെ സിആർപിഎഫും ജമ്മു കശ്മീർ പൊലീസും ഭീകരരെ നേരിടുന്നുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വിരുദുനഗർ: പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്‌ഫോടനം. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സ്‌ഫോടനം ഉണ്ടായത്. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഫാക്ടറിയിൽ ഇപ്പോഴും തീ ആളിപ്പടരുകയാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവ സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിയ്ക്കുള്ളിൽ സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ ആർക്കും അതിന് അടുത്തേയ്ക്ക് എത്താൻ കഴിയുന്നില്ലെന്നാണ് വിവരം. സ്‌ഫോടനമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ നോക്കൂ അധികാരത്തിലെത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. മുഖ്യമന്ത്രി തന്നെ ഭൂമി കുംഭകോണത്തിന്റെ ആരോപണങ്ങൾ നേരിടുകയാണ്. അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമുണ്ടായില്ല. വിഷയത്തിൽ ശരിയായ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പത്ത് വർഷങ്ങൾക്ക് മുൻപ് ഹരിയാനയിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ കർഷകരുടെ ഭൂമി കൊള്ളയടിച്ചു. ഇടനിലക്കാർക്കും മരുമക്കൾക്കും അവർ ഹരിയാനയെ കൈമാറി. തട്ടിപ്പില്ലാതെ ഒരു ജോലിയും നേടിയെടുക്കാൻ കഴിയുമായിരുന്നില്ല, അഴിമതിയില്ലാത്ത ഒരു സംഘടനയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് താരം ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്. വേർപിരിയിലുമായി ബന്ധപ്പെട്ട് പല വർത്തകളും പിന്നീട് പുറത്തു വന്നു. തങ്ങൾ ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു വിവാഹ മോചനമെന്നായിരുന്നു ആദ്യം ജയം രവി പറഞ്ഞത്. എന്നാൽ വിവാഹമോചനത്തെ കുറിച്ച് താൻ അറഞ്ഞിരുന്നില്ലെന്നും ജയം രവിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുമായിരുന്നു വിഷയത്തിൽ ആർതിയുടെ പ്രതികരണം.

ഇതിനിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് മറ്റ് ചില വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ആർതിയിൽ നിന്ന് തന്റെ കാറും സ്വത്തുക്കളും തിരികെ വാങ്ങിത്തരണം എന്നാവശ്യപ്പെട്ട് ഇപ്പോൾ ജയം രവി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. അഡയാർ പൊലീസ് കമ്മീഷണർക്കാണ് നടൻ പരാതി നൽകിയിരിക്കുന്നത്. ആർതി വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ പോലീസ് ഇടപെടണമെന്നുമാണ് ജയം രവി പരാതിയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ജയം രവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആർതിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇത് തിരികെ ലഭിക്കുന്നതിനായി ജയം രവി മെറ്റയെയും സമീപിച്ചിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ചതിന് പിന്നാലെ ‘പുതിയ ഞാൻ’ എന്ന അടിക്കുറിപ്പോടെ ജയം രവി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ആർതിക്കൊപ്പമുള്ള ചിത്രങ്ങളും ജയംരവി സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തു.

അജിത് സാറിനും രജനി സാറിനും അസുരനിൽ ധനുഷ് സാറിനുമൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബോണസ് ആയി കാണുന്നുവെന്ന് നടി മഞ്ജു വാര്യർ. ഒപ്പം വർക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നുള്ളത് ഭാഗ്യമായി കാണുന്നു, ബാക്കിയെല്ലാം ബോണസ് ആണെന്നും താരം പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

രജനി ചിത്രം വേട്ടയ്യനിലും അജിത് ചിത്രം തുനിവിലും അഭിനയിക്കാൻ ആദ്യം ഓക്കേ പറഞ്ഞത് സംവിധായകരെ കണ്ടിട്ടാണ്. അതിന് ശേഷമാണ് ആരാണ് നായകന്മാർ എന്നറിഞ്ഞത്. തുനിവിലേക്ക് തന്നെ ക്ഷണിച്ചത് എച്ച് വിനോദ് ആയിരുന്നു. ഒരു എച്ച് വിനോദ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു തന്റെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. അതിന് ശേഷമാണ് അജിത് സാറാണ് സിനിമയിലെ നായകനെന്ന് അറിഞ്ഞത്. അതെനിക്ക് ഒരു ബോണസ് ആയിരുന്നു. വേട്ടയ്യനിലക്ക് ജ്ഞാനവേൽ സാർ വിളിക്കുമ്പോൾ ജയ് ഭീമിന് ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് താൻ പറഞ്ഞത്. പിന്നെയാണ് അതൊരു രജനി സാർ ചിത്രമാണെന്ന് അറിഞ്ഞതെന്ന് മഞ്ജു വ്യക്തമാക്കി.

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയാണ് മഞ്ജുവാര്യർ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരും വേട്ടയ്യനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വേട്ടയ്യനിലെ ഗാനം സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ്.

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. കാണാതായി 71-ാം ദിനമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിൻ ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തു. ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. 

പുറത്തെടുത്തത് അർജുന്റെ ലോറി തന്നെയാണെന്ന് സഹോദരി ഭർത്താവ് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിച്ചു. ജൂലൈ 16 നാണ് അർജുനെ കാണാതായത്. ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചിൽ പലപ്പോഴും നിർത്തിവെക്കേണ്ടി വന്നിരുന്നു. നിരവധി പേരുടെ വലിയ പ്രയത്‌നത്തിനൊടുവിലാണ് അർജുന് വേണ്ടിയുള്ള തെരച്ചിൽ പരിസമാപ്തിയിലെത്തിയത്.

ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻജിയെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളിൽ മൃഗ കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു മോഹൻജിയുടെ വിവാദ പരാമർശം.

തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകൻ ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തിൽ’ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്നായിരുന്നു മോഹൻജിയുടെ ആരോപണം.

വിവാദ പരാമർശത്തിന് പിന്നാലെ മോഹൻജിക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. വിവിധ സംഘടനകളും ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.