National (Page 21)

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്.

1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയുടെ മൃതദേഹം സംസ്‌കരിക്കും.

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ വ്യക്തമാക്കി.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം സജീവമാകുന്നുണ്ട്. രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയിലും ഫഹദ് വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഫഹദിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.

ഇതുപോലെ ഒരു നാച്വറൽ ആർട്ടിസ്റ്റിനെ കാണാൻ കഴിയില്ലെന്നും ഇതുവരെ കണ്ടിട്ടുമില്ലെന്നുമാണ് രജിനികാന്ത് പറയുന്നത്. ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാൻ പോലും കിട്ടാറില്ല. കാരവാനിൽ ഇരിക്കുന്നതെന്നും കണ്ടിട്ടുപോലുമില്ല. എന്നാൽ ഷോട്ട് റെഡിയാകുന്നതോടെ എവിടുന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്ന് തന്നെ ഷോട്ട് തീർത്ത് പോകുകയും ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.

അസാധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. നിങ്ങൾ സിനിമ കാണുമ്പോൾ താൻ പറഞ്ഞത് നിങ്ങൾക്ക് എല്ലാം മനസിലാകും. അദ്ദേഹം ഒരു സൂപ്പർ ആർട്ടിസ്റ്റാണ്. അദ്ദേഹം എത്ര മികച്ച നടനാണെന്ന് തനിക്ക് മനസിലായെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ഒക്ടോബർ 10 നാണ് വേട്ടയ്യന്റെ റിലീസ്. അമിതാഭ് ബച്ചൻ ഉൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്.

ന്യൂഡൽഹി: കശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. തെക്കൻ കശ്മീരിലെ അനന്തനാഗിലാണ് സംഭവം. ജവാന്റെ മൃതദേഹം കണ്ടെത്തി. കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്.

ടെറിട്ടോറിൽ ആർമിയിലെ ജവാൻ ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. നൌഗാം സ്വദേശിയാണ് അദ്ദേഹം. വെടിയേറ്റ നിലയിലാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ജവാന്റെ കൊലപാതകത്തിന്റെ ഏറ്റെടുത്ത് നിരോധിതസംഘടനയായ ടിആർഎഫ് രംഗത്തെത്തിയിട്ടുണ്ട്.

ഏറെ ആരാധകരുള്ള താരമാണ് നടി നയൻതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും ജനങ്ങൾ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. നയൻതാരയുടെ വിവാഹം ഉൾപ്പെടെ അത്തരത്തിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ആഘോഷപൂർവ്വമാണ് 2022 ൽ വിഘ്നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ദൃശ്യങ്ങൾ ഡോക്യുമെന്ററിയായി റിലീസിന് ഉടൻ എത്തുമെന്ന് റിപ്പോർട്ട്.

തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്‌ക്യൂസീവ് ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷമായിട്ടും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ടിരുന്നില്ല.

എന്നാൽ, 2024ൽ നയൻതാരയുടെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈർഘ്യം. അതേസമയം, റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റൈറ്റ്സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നൽകുക എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് നടി രേഖ. സാരി അണിഞ്ഞ് നെറുകയിൽ സിന്ദൂരവും തൊട്ട് അതീവ സുന്ദരിയായാണ് രേഖ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. എന്നാൽ, ഭർത്താവ് മരണപ്പെട്ടിട്ടും രേഖ നെറുകയിൽ സിന്ദൂരം അണിയുന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

1990 ൽ ഡൽഹി ബിസിനസുകാരനായ മുകേഷ് അഗർവാളുമായാണ് രേഖയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ഏഴുമാസം മാത്രമായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതം നീണ്ടത്. മുകേഷിന്റെ ആത്മഹത്യ രേഖയുടെ ജീവിതത്തെ സാരമായി പിടിച്ചുലച്ചു. എന്നാൽ പിന്നീട് ഇവർ ജീവിതത്തിലേക്ക് തിരികെയെത്തി. മുകേഷിന്റെ കുടുംബത്തിൽ നിന്നും സിനിമാമേഖലയിൽ നിന്നുമടക്കം കുത്തുവാക്കുകൾ നേരിടേണ്ടി വന്നെങ്കിലും രേഖ ബോളിവുഡിൽ തന്റെ താരപദവി ഉറപ്പിച്ചു.

താൻസിന്ദൂരം അണിയുന്നത് തുടരുന്നതിന്റെ കാരണം 2008ൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേഖ വിശദീകരിച്ചിരുന്നു. മറ്റുള്ളവരുടെ പ്രതികരണത്തെക്കുറിച്ച് ഞാൻ ബോധവതിയാകാറില്ല. സിന്ദൂരം അണിയുന്നത് തനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നായിരുന്നു രേഖ പറഞ്ഞത്.

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

”ഹരിയാനയ്ക്ക് ഹൃദയംഗമമായ നന്ദി! ഭാരതീയ ജനതാ പാർട്ടിക്ക് ഒരിക്കൽ കൂടി വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളെ താൻ അഭിവാദ്യം ചെയ്യുന്നു. ഇത് വികസന രാഷ്ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയുടെ വിജയത്തിനുപുറകിൽ പ്രയത്‌നിച്ച പ്രവർത്തകർക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ മഹത്തായ വിജയത്തിനായി അക്ഷീണമായും പൂർണ അർപ്പണബോധത്തോടെയും പ്രവർത്തിച്ച എല്ലാ പാർട്ടിപ്രവർത്തകർക്കും തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള വീണ്ടും മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളിൽ കൂടി വിജയിച്ചാണ് നാഷണൽ കോൺഫറൻസ് ഭരണം നേടിയത്. കശ്മീർ മേഖലയിലെ 47 സീറ്റിൽ ഭൂരിപക്ഷവും നാഷണൽ കോൺഫറൻസ് വിജയിച്ചു.

മത്സരിച്ച 57ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് വിജയിച്ചു. കോൺഗ്രസിന് 32 സീറ്റുകൾ നൽകിയെങ്കിലും ആറിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.

ഒമർ അബ്ദുള്ളമത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. പത്ത് കൊല്ലം മുൻപ് ജമ്മുകശ്മീർ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽത്തിജ മുഫ്തി പരാജയപ്പെട്ടു. ബിജെപിയ്ക്ക് ജമ്മു മേഖലയിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത്.

ഛണ്ഡീഗഡ്: ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയാണ് ബിജെപി നേടിയത്. 36 സീറ്റാണ് കോൺഗ്രസിന് ഹരിയാനയിൽ നേടാനായത്. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു.

ഐഎൻഎൽഡിയ്ക്ക് വെറും ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപിയ്ക്ക് ഹരിയാനയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.

ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്കെത്തിയെന്നാണ് കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

ന്യൂഡൽഹി: 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ലാവോസാണ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം ഒക്ടോബർ 10, 11 തീയതികളിൽ രണ്ട് ദിവസത്തെ ലാവോസ് സന്ദർശനം നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ലാവോസാണ് നിലവിൽ ആസിയാൻ അധ്യക്ഷ പദവി വഹിക്കുന്നത്. ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി വിയന്റിയാൻ സന്ദർശിക്കുന്നത്. പല ഉഭയകക്ഷി യോഗങ്ങളിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഖനി പ്രവർത്തിക്കുന്നത് പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലാണ്.

സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൽക്കരി ഖനനത്തിനായി നിയന്ത്രിത സ്ഫോടനം നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.