National (Page 10)

മുംബൈ: റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയാണ് ആർബിഐയ്ക്ക് ലഭിച്ചത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും’ എന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോൺ കോൾ എത്തിയത്.

‘ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

പനാജി: ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പരിശോധനക്കെത്തിയ ഇഡി സംഘത്തെ തട്ടിപ്പ് സംഘമെന്ന് കരുതി ജീവനക്കാർ തടഞ്ഞു. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് റെയ്ഡ് നടത്തിയത്. കർണാടകയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഗോവയിൽ കാസിനോയിൽ റെയ്ഡിനെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

കാസിനോ കപ്പലുകളിൽ കയറാൻ ജീവനക്കാർ ഇഡി ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പറ്റിച്ച് പണം തട്ടാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതിന് പിന്നാലെ ഗോവ പൊലീസ് സഹായത്തോടെയാണ് ഇഡി സംഘം റെയ്ഡ് പൂർത്തിയാക്കിയത്. ഗോവൻ തീരത്തുള്ള കാസിനോ കപ്പലുകളിലെ സാമ്പത്തിക ഇടപാട് പരിശോധിക്കാനും ജീവനക്കാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇഡി സംഘം എത്തിയത്. ടാക്‌സ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഒരാഴ്ച്ചയ്ക്ക് മുൻപ് ഗോവയിൽ നിന്നുള്ള ഇഡി സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു.

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആറോളം സ്‌കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി. ഭട്നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിലെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയിലെ സ്‌കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇത് ആറാം തവണയാണ് ഈ ആഴ്ചയിൽ ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്‌ക്വാഡുകൾ എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഐപി അഡ്രസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം. ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ഡൽഹിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ രാവിലെ 8:30 ന് 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിന്റ് കുറവാണ്. അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റവും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. 30.09.2024ലെ കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നൽകിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കിൽ പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ഇത് 3.09% ആണ്.

50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂർവം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. 2018-19 മുതൽ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതിൽ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. ഏറ്റവും കൂടുതൽ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

2015-16ൽ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാൽ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്കും സമാനപാതയിലാണ്. 2014-15ൽ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയർന്നു.

ലക്‌നൗ: ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. മഥുര – കൈസർഗഞ്ച് ഹൈവേയിലാണ് അപകടം ഉണ്ടായത്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. പിക്കപ്പ് വാനും കൊറിയർ കണ്ടെയ്‌നർ ട്രക്കുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകായിരുന്നു അദ്ദേഹം.

2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു.

2004-ൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം അദ്ദേഹം മഹാരാഷ്ട്ര ഗവർണറായി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച അദ്ദേഹത്തിന് രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ സിംഗ് വിദേശകാര്യ മന്ത്രി പദവി നൽകി. എന്നാൽ 2012-ൽ അദ്ദേഹത്തോട് കോൺഗ്രസ് ആ പദവി ഒഴിയാൻ നിർദേശിച്ചത് കൃഷ്ണയ്ക്ക് കടുത്ത അതൃപ്തിയുണ്ടാക്കി. പിന്നീട് പാർട്ടിയുമായി അകന്ന അദ്ദേഹം 2017-ൽ ബിജെപിയിൽ ചേർന്നു. 2021-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു.

ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ശരി വച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ചാണ് പ്രശാന്തിന് ജോലി നൽകിയത്.

പ്രശാന്തിന് യോഗ്യതകളെല്ലാം ഉണ്ടെന്നും മറ്റാരുടെയും അവകാശം നിഷേധിച്ചിട്ടില്ലെന്നും മറ്റാർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് കോടതി ചോദിച്ചു. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്.

എന്നാൽ നിയമനം ഭരണഘടനയുടെ 14,13 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. എംഎൽഎ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകിയെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് സെക്രട്ടറിമാർ വ്യാഴാഴ്ച ഹാജരാകണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സുപ്രീം കോടതി സമുച്ചയത്തിൽ തീപിടുത്തം. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

ഉടൻ തന്നെ തീ അണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. തീപിടിച്ച് പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

നേരിയ തീപിടിത്തമാണ് ഉണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പുക പടലം ഉയർന്നു. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.