Kerala (Page 8)

തിരുവനന്തപുരം: എസ്‌ഡിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. സംഘടനയുടെ ദേശീയ ആസ്ഥാനം ഉൾപ്പെടെ കേരളത്തിലെ തിരുവനന്തപുരം, മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലും പരിശോധന നടന്നു.

എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്‌ഡ് നടന്നത്. ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിയന്ത്രിച്ചിരുന്നുവെന്ന് ഇഡിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി ഗൾഫിൽ നിന്നുള്ള പണമിടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായും ഇഡി ആരോപിക്കുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐക്ക് നൽകിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ, രഹസ്യ ഗൂഢാലോചനകൾ, തിരഞ്ഞെടുപ്പ് ഫണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ പരിശോധന തുടരുമെന്ന് ഇഡി അറിയിച്ചു.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയിൽ  ഊർജം നൽകി തൊഴിൽ മേഖലയെ കരുത്തുറ്റതാക്കാൻ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ  നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നു. തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വർക്കിലൂടെയാണ് ഉൽപ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്.

തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും രോഗാവസ്ഥകൾ തിരിച്ചറിയുന്നതിനുമായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരംഭിച്ച മൊബൈൽ മെഡിക്കൽ എക്‌സാമിനേഷൻ യൂണിറ്റ് മികച്ച സംരഭമാണ്.

ആംബുലൻസിൽ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് തൊഴിലിടങ്ങളിലെത്തി പരിശോധന നടത്തുന്നു എന്നതിനാൽ പ്രാഥമിക ചികിൽസ പരിശോധകൾക്കായി തൊഴിലാളിയുടെ തൊഴിൽ ദിനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. രോഗനിർണയം സാധ്യമാക്കി ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി തൊഴിലാളി സൗഹൃദമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതത്വ അവാർഡ്, ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, ‘സുരക്ഷാജാലകം’ മാഗസിന്റെ  അഞ്ചാം പതിപ്പിന്റെ പ്രകാശനം, മൊബൈൽ മെഡിക്കൽ എക്സാമിനേഷൻ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

തിയേറ്ററിൽ വൻ വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷൻ പ്രദർശനത്തിനായി സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പ്രദർശനാനുമതി നിഷേധിച്ചത്.

ലോവർ കാറ്റഗറിയിലേക്ക് (U അല്ലെങ്കിൽ U/A) മാറ്റുന്നതിനുള്ള നിർദേശം റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബോർഡ് നിരസിച്ചു. ചിത്രത്തിൽ വയലൻസ് ഉള്ളതിനാൽ കാറ്റഗറി മാറ്റം സാധ്യമല്ലെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ ദൃശ്യങ്ങൾ ഒഴിവാക്കിയാൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാനാകുമെന്നാണു ബോർഡിന്റെ തീരുമാനം.

മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ വൻ വിജയങ്ങളിലൊന്നായ മാർക്കോ, ബോക്സോഫീസിൽ വലിയ വരുമാനമുണ്ടാക്കി. മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്നറിയപ്പെട്ട ചിത്രം, ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തിയതായിരുന്നു. മലയാളികൾ മാത്രമല്ല, മറ്റു ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. ഹിന്ദി പതിപ്പ് മികച്ച കളക്ഷനെടുത്തതോടൊപ്പം തെലുങ്ക് പതിപ്പും ശ്രദ്ധിക്കപ്പെട്ടു. ഒടിടിയിലും ചിത്രം ഏറെ പ്രേക്ഷകരെ കാവരിച്ചിരുന്നു. 100 കോടി ക്ലബിൽ ഇടം നേടിയ ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി.

അതേസമയം, കേരളത്തിൽ യുവാക്കൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വളർച്ചയും സിനിമകളുടെ സ്വാധീനവുമുള്ള ചര്‍ച്ചകളിൽ ‘മാർക്കോ’ ഉൾപ്പെട്ടിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വിമർശിച്ചവരും ഉണ്ടായിരുന്നു. തിയേറ്റർ പ്രദർശന സമയത്തും ചില ദൃശ്യങ്ങളുടെകുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രഫിക്കൽ പരിശോധനകളും ഫീൽസ് വിസിറ്റും മണ്ണ് പരിശോധനയും പൂർത്തിയായി.  ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളിൽ പരാതി നൽകാനുള്ള അവസരം മാർച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവിൽ 7 സെന്റ് ഭൂമി നൽകാനാണ് തീരുമാനം. ഇതിനനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തും. ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും.

പുഞ്ചിരിമട്ടം ഭൂമി സർക്കാർ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിർമിക്കും. ബെയ്‌ലി പാലത്തിന് പകരമായി രണ്ട് പാറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെസ്‌ക്യു പോയിന്റായാണ് പുതിയ പാലം നിർമിക്കുക. ദുരന്തബാധിതർക്ക് മുന്നൂറ്  രൂപവീതം നൽകി വരുന്ന സഹായം 9 മാസത്തേക്കുകൂടി നീട്ടി നൽകാൻ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനുപകരമായി സപ്ലൈകോയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാർഡ് നൽകും. ടൗൺഷിപ്പ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നൽകും. ഇതിനായി ഉടനെ തന്നെ ഉന്നതതലയോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളും.

ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുറന്ന ചർച്ചകൾക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ വിതരണം ആരംഭിക്കും.

സർക്കാർ സഹായത്തോടെ ശമ്പള വിതരണം ഉറപ്പാക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഇതുവരെ 10,000 കോടി രൂപയോളം വിവിധ ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എല്ലാ മാസവും 50 കോടി രൂപ തുടർന്നും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ചെലവ് കുറയ്ക്കലിന്‍റെ ഭാഗമായിട്ടാണ് ഈ മുൻകരുതൽ.

ഫിനാൻഷ്യൽ മാനേജ്മെന്റ് ശക്തമാക്കുന്നു
കെഎസ്ആർടിസി ഇനി എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും, പിന്നീട് സർക്കാർ നൽകിയ തുകയിലൂടെ അത് തിരിച്ചടയ്ക്കും. മാനേജ്മെന്റ് നിയന്ത്രണങ്ങളോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനായി വരുമാനത്തിന്റെ 5% പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷൻ വിതരണം പതിവാക്കാനാകും. പി.എഫ് ആനുകൂല്യങ്ങളും ഉടൻ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു.

ദില്ലി: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇളവ് നൽകും. പ്രായപരിധി അദ്ദേഹത്തിന് ബാധകമാകില്ല. അതേസമയം, കണ്ണൂരിലെ മുതിർന്ന നേതാവ് ഇ. പി. ജയരാജനും കേന്ദ്ര കമ്മിറ്റിയിൽ തുടരാനാകുമെന്ന് സൂചന. പാർട്ടി സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് നയം, എന്നാൽ ഇ.പിയ്ക്ക് ഇപ്പോൾ തുടരാമെന്ന ധാരണയിലാണ് നേതൃത്വം.

കേരളം സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ്, അതിനാൽ ദേശീയ തലത്തിൽ അതിന്റെ പ്രാധാന്യം വലിയതാണെന്നും വിലയിരുത്തൽ. അതിനാൽ കേരളത്തിലെ നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കാനുള്ള സാധ്യതയുണ്ട്.

സംസ്ഥാന സമ്മേളനത്തിനെത്തുന്ന കേന്ദ്ര നേതാക്കളിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്ളെ, ബിവി രാഘവലു എന്നിവർ ഉൾപ്പെടും. അശോക് ദാവ്ളെയും ബിവി രാഘവലുവുമാണ് അടുത്ത പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ പി.ബി. അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വിജു കൃഷ്ണൻ, എ.ആർ. സിന്ധു എന്നിവരും സെൻട്രൽ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരിക്കും. എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്‌കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.  തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ  നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

കോഴിക്കോട്: വയനാട് തുരങ്കപാത നിർമ്മാണത്തിനായി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. 25 വ്യവസ്ഥകളോടെയാണ് അനുമതി അനുവദിച്ചത്. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ നിർമാണം അതീവ ജാഗ്രതയോടെ നടത്തണമെന്ന നിർദ്ദേശം സമിതി മുന്നോട്ടുവച്ചു. പാറ തുരക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും പരിസ്ഥിതിയിലുണ്ടാകുന്ന ദോഷങ്ങൾ പരമാവധി നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്. വിവിധ ഘട്ടങ്ങളിൽ വിശദീകരണം തേടിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിർമാണത്തിനായി സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധ്യതയുണ്ട്.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജിയാണ് കോടതി നിരാകരിച്ചത്. നേരത്തെ, സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ പ്രതിയായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് തീർച്ചയായും വീഴ്ചവഹിച്ചുവെന്നായിരുന്നു ഹർജിയിലെ ആരോപണം. നവീൻ ബാബുവിനെ കൊലപ്പെടുത്തിയെന്ന സംശയം കുടുംബം ഉയര്‍ത്തിയിരുന്നു.

എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം ആത്മഹത്യയാണെന്നും അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതായും സർക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ കോടതി നിർദേശം ലഭിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു.