Kerala (Page 5)

കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂര്‍ റൂട്ടില്‍ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19ാമത്തെ ബോട്ടാണ് ഏലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരില്‍ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി വര്‍ധിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ഇനി നാലു ബോട്ടുകള്‍ കൂടിയാണ് ലഭിക്കാനുള്ളത്‌.

കൊച്ചി വാട്ടർ മെട്രോ ഏലൂർ ടെർനമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മാർച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ള റൂട്ടും സർവ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂർ ജെട്ടിയിൽ പുതിയ പൊൻറൂൺ സൗകര്യം വരുന്നത് വരെ ഡബിൾ ബാങ്കിംഗ് ഏർപ്പെടുത്തി ബോട്ടുകൾക്ക് സർവ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക. ഏലൂരിൽ നിന്നും നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികമാറ്റം പരിഗണനയിലാണെന്നും പി.രാജീവ് പറഞ്ഞു.

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. 2025-26 സാമ്പത്തിക വർഷം നിരവധി മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ ഇന്ന് മുതൽ യുപിഐ അക്കൗണ്ടിൽ നിന്ന് ഒഴിവാക്കും. സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള ജീവനക്കാർ യുപിഎസ് പദ്ധതിയിലേക്ക് മാറാൻ ജൂൺ 30നകം ഓപ്ഷൻ നൽകേണ്ടതുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ആദായ നികുതിയിലുണ്ടാകുന്ന വലിയ മാറ്റം – പൂർണമായും നികുതി ഒഴിവാക്കാവുന്ന വാർഷിക വരുമാന പരിധി 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാകുന്നു.

വാഹന നികുതി വർധന

  • 15 വർഷം പഴക്കമുള്ള ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുചക്ര വാഹനങ്ങൾക്കും റോഡ് നികുതി 900 രൂപയിൽ നിന്ന് 1350 രൂപയാകും.
  • 750 കിലോ വരെ ഭാരമുള്ള സ്വകാര്യ കാറുകളുടെ നികുതി 6400 രൂപയിൽ നിന്ന് 9600 രൂപയാകും.
  • കാറുകളുടെ ഭാരം അനുസരിച്ചും നികുതിയിൽ മാറ്റങ്ങൾ വരും.

ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിക്കും – 15 ലക്ഷം രൂപക്ക് മുകളിലുള്ള ഇ-വാഹനങ്ങൾക്ക് 3%-5% നികുതി കൂട്ടും. കാർ നിർമ്മാതാക്കൾ വാഹന വില 2%-4% വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു.

മൊബൈൽ സേവനം മുടങ്ങിയാൽ നഷ്ടപരിഹാരം – ഒരു ജില്ലയിൽ മൊബൈൽ സേവനം 24 മണിക്കൂർ മുടങ്ങിയാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തുക തിരിച്ചുനൽകും.

പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് നിക്ഷേപ ലാഭവിഹിതം ലഭിക്കില്ല.

കേരളത്തിൽ തൊഴിലുറപ്പ് വേതനം ഉയരും – 346 രൂപയായിരുന്നു വേതനം, ഇത് 369 രൂപയാകും.

ഭൂനികുതിയിലും കോടതി ഫീസിലും വർധന – ഭൂനികുതിയിൽ 50% വർദ്ധനവും 23 ഇനം കോടതി ഫീസുകളിലും വർദ്ധനവുമുണ്ടാകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രതിഫല വർധന –

  • ക്ഷാമബത്ത 3% ഉയരും.
  • ദിവസ വേതനക്കാരും കരാർ ജീവനക്കാരും 5% അധിക ശമ്പളം നേടും.

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.

രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

2023 – 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു..

വിവിധ ഇനങ്ങൾക്ക് ഈവർഷം നൽകിയ തുക

Ø ക്ഷേമ പെൻഷൻ  13,082 കോടി (ബജറ്റിനെക്കാൾ 2053 കോടി അധികം)

Ø കാസ്പിന് 979 കോടി (ബജറ്റിനെക്കാൾ 300 കോടി അധികം)

Ø സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി. (ബജറ്റിനേക്കാൾ 251 കോടി അധികം)

Ø റേഷൻ സബ്സിഡിക്ക് 1,012 കോടി (ബജറ്റിനെക്കാൾ 74 കോടി അധികം)

Ø കെഎസ്ആർടിസിക്ക് 1,612 കോടി. (ബജറ്റിനെക്കാൾ 676 കോടി അധികം)

Ø ജലജീവൻ മിഷന് 952 കോടി. (ബജറ്റിനെക്കാൾ 401 കോടി അധികം)

Ø ലൈഫ് മിഷന്  749 കോടി. പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടി നൽകി.

Ø ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി.

Ø നെല്ല് സംഭരണത്തിന് 558 കോടി. (ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു)

Ø വിപണി ഇടപെടലിന് 489 കോടി. (ബജറ്റിനെക്കാൾ 284 കോടി അധികം)

Ø എസ് സി/ എസ് ടി/ഒ ബി സി/ ഒ ഇ സി/ മൈനോറിറ്റി സ്‌കോളർഷിപ്പുകൾക്കായി 1429 കോടി രൂപ. (മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട തുക ലഭ്യമാക്കി)

Ø ആശ വർക്കേഴ്സിന് സംസ്ഥാന സഹായമായി 211 കോടി. (ബജറ്റിനെക്കാൾ 23 കോടി രൂപ അധികം)

Ø ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലമായി 240 കോടി

Ø എൻഎച്ച്എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി. (ബജറ്റിനെക്കാൾ 60 കോടി അധികം)

Ø അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി.

Ø സ്‌കൂൾ പാചക തൊഴിലാളി വേതനത്തിന് 379 കോടി.

Ø പുഞ്ച സബ്സിഡി 44 കോടി. (ബജറ്റിനെക്കാൾ 29 കോടി അധികം)

Ø സ്‌കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി.

Ø ഇൻകം സപ്പോർട്ട് സ്‌കീമുകൾക്ക് 68 കോടി.

Ø ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടി.

Ø കൊച്ചി മെട്രോയ്ക്ക് 439 കോടി നൽകി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

Ø കെഎസ്ഇബിക്ക് 495 കോടി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനും വകയിരുത്തൽ ഇല്ലാത്ത ചെലവുകളും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 ശതമാനം അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പി എഫിൽ ലയിപ്പിച്ചു. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആർസിസിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസർജറിയുമായി സംയോജിപ്പിച്ചത് കേരളത്തിലെ സർക്കാർ മേഖലയിലും ഒരുപക്ഷേ, രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളിലും ഒഴിച്ചാൽ പീഡിയാട്രിക് കാൻസർ സർജറിക്കുള്ള ആദ്യ സംരംഭമാണ്. റോബോട്ടിക് സർജറിയുടെ ഈ വിജയം പീഡിയാട്രിക് ഓങ്കോളജി ഉൾപ്പെടെയുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനുള്ള സ്ഥാപനത്തിന്റെ ശേഷി വർധിപ്പിക്കുന്നു. ഈ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് പോലും സഹായകരമാകും.

സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലത്താണ് സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചത്. തുടർന്ന് മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിച്ചു. ഇത് സംസ്ഥാനത്തിനകത്ത് പൊതുമേഖലാ ആരോഗ്യ സംരക്ഷണത്തിൽ ഒരു സുപ്രധാന നാഴികക്കലായി അടയാളപ്പെടുത്തി. 30 കോടി രൂപ വീതം ചെലവിൽ റോബോട്ടിക് സംവിധാനം സ്ഥാപിച്ചതോടെ നൂതന റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ഇന്ത്യയിലെ തിരഞ്ഞെടുത്ത സർക്കാർ സ്ഥാപനങ്ങളിൽ ആർസിസിയും എംസിസിയും സ്ഥാനം പിടിച്ചു.

കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സർജറിയ്ക്ക് രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്.

ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ ടീമിൽ ഡോ. ശിവ രഞ്ജിത്ത്,  ഡോ. അശ്വിൻ, ഡോ. ദിനേശ്, ഡോ. മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഹെഡ് നഴ്സ് ഇന്ദുവിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് തിയേറ്റർ നഴ്‌സിംഗ് വിഭാഗം അഞ്ജലി, അനില, രമ്യ, എൻജിനീയർ പൂജ, ജീന, വകുപ്പ് മേധാവി ഡോ. പ്രിയയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഓങ്കോളജി ടീം എന്നിവരുടേയും ഡിപ്പാർട്ട്മെന്റിന്റെയും പൂർണ പിന്തുണയോടും പരിചരണത്തോടും കൂടിയാണ് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സയും നടത്തിയത്.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ.

വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ.

വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ  വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച്  കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി  നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർദ്ധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക – മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 10 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്. കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും.

ഇതേപോലെയാണ് അക്രമണോത്സുകതയുടെ കാര്യവും. കുട്ടികളിൽ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് ന്യൂക്ലിയർ കുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നത്. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അറിവു പകർന്നുകിട്ടുന്ന സൈറ്റുകളിലേക്കേ അവർ കടന്നുചെല്ലുന്നുള്ളൂ എന്നുറപ്പുവരുത്തണം.

നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്‌സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ  ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്.

ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന  ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും.  വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്‌സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉന്നയിച്ച നിർദേശങ്ങൾ:

Ø അധ്യാപക-വിദ്യാർത്ഥി ജാഗ്രതാ സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം.  കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണമെന്ന നിർദേശവുമുയർന്നു.

Ø വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കിന്നത്തിനുള്ള പദ്ധതികൾ രൂപീകരിക്കണം.

Ø വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം.

Ø എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കുക.

Ø ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം.

Ø റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്‌കൂളിലും ഉറപ്പാക്കണം

Ø വിദ്യാർഥികളിൽ നിന്നു വരുന്ന പരാതികൾ പരിശോധിക്കാൻ സ്പെഷ്യൽ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം.

Ø അധ്യാപകരും അലുമിനിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സുഹൃത് സമിതികൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് മാനസിക, അക്കാദമിക പിന്തുണ നൽകുന്ന സംവിധാനം സ്‌കൂളുകളിൽ ഉണ്ടാവണം.

Ø പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി ബ്രിഡ്ജ് കോഴ്സുകളും ഇൻഡക്ഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കണം.

Ø വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം.

Ø ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ചെക്കപ്പ് നടത്തണം.

Ø കുട്ടികൾ കൂടുതൽ സമയം മൊബൈൽഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്‌കരിക്കണം.

Ø ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന്  വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം.

Ø 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് കൂടുതലും ലഹരിമരുന്ന് കച്ചവടക്കാർ  ക്യാരിയേഴ്സ് ആക്കി മാറ്റുന്നത്. അവരുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം. അവർക്ക് കൗൺസിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തണം.

Ø ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ്  ശക്തിപ്പെടുത്തണം.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൂസിഫറിന്‍റെ തുടർച്ചയായ ചിത്രമാണെന്ന് അറിഞ്ഞപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയിലെ 17 രംഗങ്ങൾ നിർമാതാക്കൾ മാറ്റിയതും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നതായും മനസ്സിലായതിനെ തുടർന്ന് താൻ സിനിമ കാണില്ലെന്ന് തീരുമാനിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരു സിനിമയെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് കഥ രചിക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, സിനിമയിൽ ചില ഭാഗങ്ങൾ വെട്ടിയതിനുശേഷവും വിവാദം അവസാനിച്ചിട്ടില്ല. സിനിമക്കെതിരെ സംഘപരിവാർ അനുഭാവികൾ വിമർശനം തുടരുന്നതിനിടെ, എമ്പുരാൻ കൂട്ടായ്മക്ക് DYFI പിന്തുണ പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും.

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ജസ്റ്റീസ് കെ. ബാബു തള്ളിയത്.

ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയതാണെന്ന വിജിലൻസ് കോടതിയുടെ പരാമർശം ആവശ്യമില്ലാത്തതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾക്കു ബന്ധമുള്ള എക്സാലോജിക് കമ്പനി കൊച്ചിയിലെ കരിമണൽ വ്യവസായ സ്ഥാപമായ CMRL-സഹിതം നടത്തിയ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.

ഇതിനുമുമ്പ് മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇതേ ഹർജി തള്ളിയിരുന്നു. ഹർജിക്കാരിലൊരാളായ ഗിരീഷ് ബാബു ഹർജി പരിഗണനയിൽ ഇരിക്കെ അന്തരിച്ചിരുന്നതിനാൽ, ഹർജി തുടരാൻ മാത്യു കുഴൽനാടൻ മുന്നോട്ട് വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. എക്സാലോജിക്, മുഖ്യമന്ത്രിയുടെ മകൾ എന്ന ബന്ധം ഉപയോഗിച്ച് CMRL-ൽ നിന്ന് മാസപ്പടി വാങ്ങിയതായും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ വരുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം എന്നതാണ്  സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്രീയ മാലിന്യ സംസ്‌കരണം, നെറ്റ്  സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായുള്ള ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നാണ് സർക്കാർ  പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രതിപാദ്യവിഷയം ഹിമാനികളുടെ സംരക്ഷണമാണ്. ഹിമാനികൾ ഉരുകുന്ന വെള്ളം നമ്മുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നതാണ്. എന്നാൽ അനിയന്ത്രിമായ ഹിമാനികളുടെ ഉരുകൽ കാരണം  പരിസ്ഥിതിക്ക് വലിയ ദുരന്തം സംഭവിക്കും. ജലവിതാനം ഉയരുന്നത് പ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഈ വിഷയത്തിൽ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് ഹിമാനികളുടെ സംരക്ഷണം എന്ന പ്രമേയം ചർച്ച ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചു ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണ്. നദികളും കായലുകളും  സമുദ്രതീരവുമുള്ള  നമ്മുടെ നാടിന്റെ  ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്നത് അപകടകരമാണ്.

പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യവശം  കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളം വലിയതോതിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്.  ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവും അനുബന്ധ റോഡ് റെയിൽവേ വികസനമടക്കം വേഗത്തിൽ പൂർത്തിയാവുകയാണ്. പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ ജല ലഭ്യത, കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാങ്കേതികമായി മാലിന്യ സംസ്‌കരണത്തിലടക്കം സാങ്കേതികസഹായം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ മാതൃകാപരമായ പ്രവർത്തനം നടത്തുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് പാസാക്കുകയും അതനുസരിച്ച് തുടർപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ജല സ്രോതസ്സുകൾ, പുൽമേടുകൾ, കനാലുകൾ ഇവയെല്ലാം ജല ലഭ്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഇവയുടെ സംരക്ഷണം പ്രാദേശിക തലത്തിൽ ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടന്ന് മലിനീകരണമുണ്ടാകുന്നത് തടയാനും കഴിയണം. വാണിജ്യ സ്ഥാപനങ്ങളുടെയടക്കം ജലദുരുപയോഗം തടയുകയും പുനരൂപയോഗം പ്രോൽസാഹിപ്പിക്കുകയും വേണം. ഓടകൾ മഴവെള്ളം ഒഴുകി പോകുന്നതിന് നിർമ്മിച്ചവയാണ് ഇതിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് കർശനമായി തടയണം.

ജലലഭ്യത പ്രാദേശിക തലം വരെ ഉറപ്പു വരുത്തി ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന രീതി അടുത്ത മൂന്നു വർഷത്തിൽ പൂർണ്ണമായി നിർത്തലാക്കാനാണ്  ഉദ്ദേശിക്കുന്നത്. എല്ലാവർക്കും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള കർമ്മ പരിപാടിയാണ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. ഉപയോഗിക്കപ്പെടാത്ത പാറമടകൾ, മഴവെള്ള സംഭരണികൾ, മറ്റു ജലസ്രോതസ്സുകളടക്കമെല്ലാം ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നവകേരളത്തിനായി പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യാൻ ശിൽപ്പശാലക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ അക്രമാസക്തമായ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് അധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, സ്‌കൂൾ പരിസരത്ത് വാഹനപ്രകടനങ്ങൾ അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ ഓഫീസർമാരുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഈ നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണെന്നും ലഹരി ലഭ്യമാകുന്ന വഴികൾ തടയാനുള്ള നടപടി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അറിയിച്ചു.

അതേസമയം, എട്ടാം ക്ലാസിലെ വിഷയങ്ങൾക്കായി നിശ്ചയിച്ച മിനിമം മാർക്ക് പ്രയോഗിക്കുന്നതിനായി സർക്കാർ പുതുക്കിയ മൂല്യനിർണ്ണയ രീതിക്ക് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുന്നതിനും അവധിക്കാലത്ത് പിന്തുണാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രിതേർത്തു പറഞ്ഞു. 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഏപ്രിൽ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.