Kerala (Page 4)

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനാകും. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ എന്നിവയ്ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താനും മന്ത്രി നിർദേശം നൽകി.

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തിരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം  ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും  മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.

മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ.  ആർ ടി തയ്യാറാക്കിയ  പ്രവർത്തനരൂപരേഖ അന്തിമമാക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്‌കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.

 കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കിൽ  മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.

വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്‌കാരിക വിനിമയത്തിന് അവസരമൊരുക്കണം.

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടത്തണമെന്ന്  നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ ജി സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശികൻ തുടങ്ങിയവർ  സംസാരിച്ചു.

വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വർത്തമാന കാലത്ത് ചില തെറ്റായ പ്രവണതകൾ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിർഭാഗ്യകരമാണ്. രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവർത്തക വീട്ടിൽ പോയപ്പോൾ പുറത്ത് വന്നില്ല എന്ന് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവർത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തിൽ 3 മണിക്കൂറോളം രക്തം വാർന്ന് അവർക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ മാതൃശിശു മരണണങ്ങൾ കുറയ്ക്കാൻ നമുക്കായി. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു. എന്നാൽ കേരളത്തിൽ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരാണ്. സർക്കാർ നയങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങൾ കുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഇനിയൊരു ലോക്ഡൗൺ പാടില്ല എന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. വാക്സിൻ ഫലപ്രദമായി നടപ്പിലാക്കി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.

പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തിൽ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തിൽ ഊന്നിയുള്ളതാണ് ആ നിയമം. 2021ൽ നമ്മുടെ ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാൽ 2024 അവസാനത്തിൽ അത് ആറേമുക്കാൽ ലക്ഷമായി വർധിച്ചു. വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ കെസിഡിസിയുടെ പ്രവർത്തനം കൂടി ആരംഭിക്കും. അപൂർവരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയർ പദ്ധതി ആരംഭിച്ചു. എഎംആർ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവർത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന്  വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാൻ അധികാരം തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് നൽകിയ സംസ്‌ഥാനമാണ് കേരളം. വന്യജീവി വിഷയത്തിൽ ദീർഘ കാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ  സർക്കാർ രൂപകല്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്യസഭാ എം പി ഹാരിസ് ബീരാൻ മുഖ്യാതിഥി ആയിരുന്നു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പാലം അധ്യാപകൻ  ആരിഫ് മാസ്റ്റർ എന്നിവരെ പരിപാടിയിൽ ആദരിച്ചു. 

കാട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, താമരശ്ശേരി എ ഇ ഒ  പി വിനോദ്, സ്വാഗത സംഘം ചെയർമാൻ എ കെ അബൂബക്കർ കുട്ടി, കെ സി ശിഹാബ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പി ടി എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ-സ്മാർട്ട് നിലവിൽ വന്നിട്ടുണ്ട്. 2025 ഏപ്രിൽ 10ന് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ സ്മാർട്ടിന്റെ സേവനം വ്യാപിപ്പിക്കും.

കെ-സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ സമർപ്പിക്കാം. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കും. വാട്സാപ്പ്, ഇ മെയിൽ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാർ/ പാൻകാർഡ്/ ഇ മെയിൽ ഐഡി വഴി കെ-സ്മാർട്ടിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യാതെയും ഫോൺ നമ്പർ മാത്രം നൽകി പ്രധാന സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം. ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് വരാതെയും അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈനായി അപേക്ഷകന് സമയാസമയം അറിയാനാകും. കെ-സ്മാർട്ടിലൂടെ അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K-MAP എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. KNOW YOUR LAND ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും.

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ്  എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ  അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും  വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ ജില്ലകളിൽ കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നും പോസ്റ്റ്‌മോർട്ടം ഉൾപ്പെടയുള്ള രേഖകൾ അടിയന്തിരമായി ക്രോഡീകരിച്ചു കർഷകർക്ക് നഷ്ടപരിഹാരം ഉടൻ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ നേതൃത്വത്തിൽ ഉഷ്ണകാലത്തു പ്രത്യേകമായി നടപ്പിലാക്കിയ വേനൽക്കാല ഇൻഷുറൻസ് പദ്ധതി വഴി 34000 ഓളം കന്നുകാലികളെ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്നും അത് വഴി 1.18 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമാന രീതിയിൽ 2024 -25 വർഷത്തിൽ 36000 ഓളം കന്നുകാലികൾക്ക്  വേനൽക്കാല  ഇഷുറൻസ് പരിരക്ഷ  ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ മിൽമ  മലബാർ മേഖല വഴി 2023-24 വർഷത്തിൽ 38588 പശുക്കളെയും,2024 -25 വർഷത്തിൽ 40668 പശുക്കൾക്ക് വേനൽക്കാല ഇഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും 1.62 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.മിൽമ എറണാകുളം മേഖല വഴി 25000 കന്നുകാലികളെ വേനൽക്കാല ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും 45 ലക്ഷം രൂപ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്യുവാൻ കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വിവരാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി  മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ് എം എസ്സിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു  മന്ത്രി നിർദേശം നൽകി.   മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ  ആസിഫ് കെ  യൂസഫ്, ക്ഷീര വികസന വകുപ്പ്  ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട  നടപടികളെ കുറിച്ച്  വിശദമായി സംസാരിച്ചു.

വിവിധ ജില്ലകളിൽ കന്നുകാലികൾ  ചൂടിന്റെ കാഠിന്യം മൂലം മരണപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കും എന്ന് മന്ത്രി അറിയിച്ചു.  ഉഷ്ണ  തരംഗം  റിപ്പോർട്ട്  ചെയ്തിട്ടുള്ളതും  ജല ദൗർലഭ്യം  അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ  ജില്ലാ ഓഫീസർമാർ  കളക്ടർമാരുമായി  നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക്  ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജില്ലകളിൽ നിന്നും 31-3-2025 വരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്തു ഉഷ്ണതാപം മൂലം 106 പശുക്കളും 12 എരുമകളും 8 ആടുകളും മരണപ്പെട്ടിട്ടുണ്ട്.

കടുത്ത വേനലിനെ  പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള  താഴെപ്പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ  കർഷകർ  പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

§ തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ  സഹകരമാവും.

§ മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമം.

§ സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മണി മുതൽ വൈകിട്ട് 4  മണി വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. ആയതിനാൽ 11 മണിക്ക് മുൻപും 4  മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാൻ വിടുക.

§ ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം)

§ ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

§ മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക.

§ ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക.

§ കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നതിനാൽ    ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.

§ വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

§ ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കേണ്ടതുമാണ്.

§ കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4  മണി വരെയുള്ള ചൂട് കൂടിയ  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്.

§ പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

സൂര്യാഘാതം-ലക്ഷണങ്ങൾ

§ തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക , വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

§ തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കുക.

§ കുടിക്കാൻ ധാരാളം വെള്ളം നൽകുക

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവിച്ച നേതാവ് എംഎം മണിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്കുടുംബാംഗങ്ങൾ പറഞ്ഞു . എംഎം മണി ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവും സിപിഎം സംസ്ഥാന സമിതിയുടെ അംഗവുമാണ്.

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതൽ സ്ത്രീകൾ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റേയും വെളിച്ചത്തിൽ ഒരു സിനിമ രൂപപ്പെടുമ്പോൾ ഈ മേഖലയിൽ പ്രവർത്തിയെടുക്കുന്ന എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിൽ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെൻഡർ പാർക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ സ്ത്രീകളോട് അതിക്രമം പാടില്ല. വിവിധ തൊഴിലിടങ്ങളിൽ ധാരാളം സ്ത്രീകളെ കാണാം. കണക്കുകൾ പരിശോധിച്ചാൽ സംഘടിത മേഖലയിൽ പ്രത്യേകിച്ചും സർക്കാർ മേഖലയിൽ ഏറ്റവും അധികം സ്ത്രീകളാണ്. സെക്രട്ടറിയേറ്റിൽ 65 മുതൽ 70 ശതമാനത്തോളം സ്ത്രീകളാണ്. ആരോഗ്യ മേഖലയിലും ഏറ്റവുമധികം ജോലി ചെയ്യുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസ മേഖലയിൽ ആർട്സ് ആന്റ് സയൻസ് കോളേജിലും പ്രൊഫഷണൽ കോളേജുകൾ എടുത്തു നോക്കിയാലും 60% മുതൽ 70% വരെ പെൺകുട്ടികളാണ് എന്നതാണ് യാഥാർത്ഥ്യം.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സർക്കാർ വലിയ പ്രധാന്യമാണ് നൽകുന്നത്. 2023 ജനുവരിയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചു. ആ ഘട്ടത്തിൽ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. എന്നാൽ പരമാവധി സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റർ ചെയ്യിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ചലച്ചിത്രമേഖലയിൽ കൂടി ഇത് നടപ്പിലാക്കുന്നന്നത്.

പോഷ് ആക്ട് പ്രകാരം നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടിയിട്ടുള്ള മോഡ്യൂൾ പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിർമ്മാതാവ് തൊഴിൽ ദാതാവാണ്. അപ്പോൾ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതും സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതും നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്. വിവിധ സംഘടനകളുടെ പ്രാതിനിധ്യം തെളിയിക്കുന്നത് നല്ല രീതിയിൽ ചലച്ചിത്ര മേഖല ഇത് സ്വീകരിക്കുന്നുണ്ട് എന്നുള്ളതാണ്. മലയാള സിനിമാ മേഖല സ്ത്രീ സൗഹൃദമാക്കുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള പരിശീലന പരിപാടിയായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കാത്തിരിപ്പ് അവസാനിച്ച് ഒന്നാം തീയതിയോടൊപ്പം ശമ്പളം വിതരണം തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒരു തവണയിലായി നൽകാനാണ് തീരുമാനം. ശമ്പള വിതരണം പൂർത്തിയാക്കി, ഇതിന് 80 കോടി രൂപ ചെലവായതായി കെഎസ്ആർടിസി അറിയിച്ചു. ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകിയത്, എന്നാൽ സർക്കാർ സഹായം ലഭിച്ചാൽ 50 കോടി രൂപ തിരിച്ചടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

2020 ഡിസംബറിനുശേഷം ആദ്യമായാണ് കെഎസ്ആർടിസി ഒന്നാം തീയതിയിൽ ശമ്പളം നൽകുന്നത്. മാസത്തിന്റെ ആദ്യ ദിനം ശമ്പളം ലഭിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ഇനിയുമുള്ളതായിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ മുൻമാസം ഉറപ്പ് നൽകിയിരുന്നു.

ഓരോ മാസവും 10.8% പലിശ നിരക്കിൽ എസ്ബിഐയിൽ നിന്ന് 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുക്കുന്ന രീതിയിലാണ് ശമ്പള വിതരണം സ്ഥിരമാക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനൊപ്പം സർക്കാർ നൽകുന്ന 50 കോടി രൂപയുടെ പ്രതിമാസ സഹായവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

വരുമാനം വർദ്ധിപ്പിച്ച് ചെലവ് ചുരുക്കി ഓരോ മാസവും 20നകം കുടിശ്ശിക തീർക്കാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി മുന്നേറുകയാണ്. മുമ്പ് ഓവർഡ്രാഫ്റ്റ് സംവിധാനം പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റ് വഴി പദ്ധതി വിജയിപ്പിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.